മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സ്ത്രീകളടക്കം മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പെരിമിലി ദളത്തിന്റെ ചുമതലക്കാരനും കമാൻഡറുമായ വാസു ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഒരു എകെ 47 റൈഫിൾ, ഒരു കാർബൈൻ, ഒരു ഇൻസാസ് റൈഫിൾ, പുസ്തകങ്ങൾ എന്നിവ ഇവരിൽനിന്നു കണ്ടെടുത്തു.
ഭമ്രഗഡ് താലൂക്കിലെ കട്രംഗട്ട ഗ്രാമത്തിനടുത്തുള്ള വനത്തിൽ മാവോയിസ്റ്റുകൾ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ട് ക്യാമ്പ് ചെയ്യുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഗഡ്ചിറോളി പോലീസിന്റെ സ്പെഷലൈസ്ഡ് കോംബാറ്റ് വിംഗായ സി-60 കമാൻഡോകളുടെ രണ്ട് യൂണിറ്റുകളാണ് തെരച്ചിലിനിറങ്ങിയത്. മാവോയിസ്റ്റുകൾ അവർക്കുനേരേ വെടിയുതിർത്തു. പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.