തൃശൂർ: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടേയും മൃതദേഹങ്ങൾ തൃശൂരിൽ തന്നെ സംസ്കരിക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ അഴുകി പുഴുവരിക്കുന്ന നിലയിലായിട്ടുണ്ടെങ്കിലും മൃതദേഹങ്ങൾ മറവുചെയ്യുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല.
മൃതദേഹം സംസ്കരിക്കാൻ തീരുമാനമായാൽ മറ്റെവിടേക്കും കൊണ്ടുപോകാൻ സാധ്യതയില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശൂരിൽ തന്നെ സംസ്കരിക്കാനേ സാധിക്കൂവെന്നും പൊതുപ്രവർത്തകനായ ടി.കെ.വാസു പറഞ്ഞു. അജ്ഞാതമായ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആരും എത്തിയില്ലെങ്കിൽ അതേറ്റെടുത്ത് സംസ്കരിക്കാൻ തയാറാണെന്ന് പോരാട്ടം സംഘടനയ്ക്കു വേണ്ടി എം.എൻ.രാവുണ്ണി നേരത്തെ തന്നെ ഐജിക്ക് രേഖാമൂലം സമ്മതപത്രം നൽകിയിട്ടുണ്ട്.
മൃതദേഹങ്ങൾ റീ പോസ്റ്റുമോർട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കൊലപ്പെട്ട മാണിവാസകം, കാർത്തിക് എന്നിവരുടെ മൃതദേഹങ്ങൾ റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് അപേക്ഷ.
മൃതദേഹങ്ങൾ ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നതെങ്കിലും ഇടക്കിടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളും മറ്റും എത്തിയതിനാൽ പുറത്തെടുക്കേണ്ടി വന്നതുകൊണ്ടാണ് അഴുകി പുഴുവരിച്ചത്.
ലാലൂരിലെ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാനാണ് ബന്ധപ്പെട്ടവർ തീരുമാനിച്ചിരിക്കുന്നത്. കർശന സുരക്ഷാവലയത്തിലായിരിക്കും സംസ്കാരമെന്നും സൂചനയുണ്ട്