നവാസ് മേത്തർ
തലശേരി: ഫ്രീക്കൻ സ്റ്റൈലിൽ മുടി പിന്നോട്ട് കെട്ടി “യോയോ’ പാട്ട് പാടി സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ച രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് വലയത്തിലേക്ക് മാവോയിസ്റ്റ് ഗറില്ലാ നേതാക്കൾ നടന്നു കയറുകയായിരുന്നു.
ഗറില്ലാ സേനയുടെ തലവനും മാവോയിസ്റ്റ് പശ്ചിമ ഘട്ട പ്രത്യേക സോൺ സെക്രട്ടറി കർണാടക ശൃംഗേരി നെൻമാരു എസ്റ്റേറ്റിലെ ബി.ജി. കൃഷ്ണ മൂർത്തി (വിജയ്-47), കബനി ദളം അംഗം ചിക്കമംഗളൂരു ജെറേമന ഹുവളളിയിലെ സാവിത്രി (രജിത-33) എന്നിവരാണ് ഫ്രീക്കൻ സ്റ്റൈലിൽ വേഷം മാറിയെത്തിയ പോലീസ് മടയിൽ വീണത്.
ഇരിട്ടി ഡി വൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും സാഹസികമായി പിടികൂടിയത്.അതീവരഹസ്യമായാണ് ഗറില്ലാ നേതാക്കളുടെ യാത്രാ വിവരം പോലീസിനു ചോർന്ന് കിട്ടിയത്.
അഞ്ച് സ്വകാര്യ വാഹനങ്ങളിൽ വേഷം മാറിയ പോലീസ് സംഘം ഗറില്ലാ നേതാക്കളെ പിന്തുടരുകയായിരുന്നു. ഇതിനിടയിലാണ് കൃഷ്ണ മൂർത്തിയും സാവിത്രിയും സഞ്ചരിച്ച മാരുതി കാറ് യാത്രക്കിടയിൽ ബ്രേക്ക്ഡൗണായത്. ഈ സമയത്താണ് ഫ്രീക്കൻന്മാരുടെ വേഷത്തിലെ പോലീസ് സംഘം അതു വഴി എത്തുന്നത്.
ഇരുവരും കൃത്യമായി ഈ വാഹനം കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു. മറുപടി നൽകുന്നതിനു മുമ്പ് തന്നെ ഇരുവരേയും പോലീസ് കീഴ്പ്പെടുത്തി വാഹനത്തിനുള്ളിലാക്കി. അപ്പോഴേക്കും മറ്റ് പോലീസ് സംഘങ്ങളും സ്ഥലത്തെത്തി. പിന്നെ വൈകിയില്ല വാഹന വ്യൂഹം മലപ്പുറം അരീക്കോടേക്ക് അതിവേഗത്തിൽ പാഞ്ഞു.
ആദ്യമായി പോലീസ് വാഹനത്തിൽ കയറിയ സാവിത്രി മനം പുരട്ടൽ മൂലം ഛർദ്ദി തുടങ്ങി. യാത്രയിലുടെനീളം പല വട്ടം സാവിത്രി ഛർദ്ദിച്ചു.ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡിഐജി അനൂപ് കുരുവിള ജോണും എസ്പി എ.പി.ഷൗക്കത്തലിയും കൃത്യമായ നിർദ്ദേശങ്ങൾ നൽകി അണിയറയിലുണ്ടായിരുന്നു.
പ്രതികളുമായുളള മലപ്പുറത്തേക്കുള്ള യാത്രക്കും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ഇന്നലെ ഇരുവരേയും തലശേരി കോടതിയിലും വിയ്യൂർ അതി സുരക്ഷാ ജയിലിലും എത്തിക്കുന്നതുവരെ വടക്കേ മലബാറിലെ ദേശീയപാത പോലീസ് വലയത്തിലായിരുന്നു.
ഗറില്ലാ ഗ്രൂപ്പിലേക്ക് കൂടുതൽ യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും കേരളത്തിലേക്ക് വന്നതെന്നാണ് റിപ്പോർട്ട്. ഇവരിൽ നിന്നും അഞ്ചര ലക്ഷം രൂപയും അറുപത് ഹാർഡ് ഡിസ്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ 28 പേർ മാവോയിസ്റ്റ് ശൃംഖലയിൽ കണ്ണികളാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.