ഇരിട്ടി(കണ്ണൂർ): ഉരുപ്പുംകുറ്റി വനത്തിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. വനത്തിൽനിന്ന് ഇന്നലെ അർധരാത്രി അഞ്ച് റൗണ്ടോളം വെടിയൊച്ച കേട്ടതായും ഇന്നു പുലർച്ചയും വെടിയൊച്ച ഉയർന്നതായും പ്രദേശവാസികൾ പറഞ്ഞു.
ഉരുപ്പുംകുറ്റി, എടപ്പുഴ, വാളത്തോട് പ്രദേശങ്ങൾ രാത്രിയിലും പോലീസിന്റെ നിയന്ത്രണത്തിൽതന്നെ ആയിരുന്നു. ഉരുപ്പുംകുറ്റി ടൗണിൽ മാത്രം 50 ഓളം പോലീസുകാരെ ഇന്നലെ രാത്രി വിന്യസിച്ചു.
പുലർച്ചെ ടാപ്പിംഗ് ജോലിക്ക് പോകുന്നവരെപോലും പോലീസ് തടഞ്ഞിരുന്നു. നാലിന് തുടങ്ങേണ്ട ടാപ്പിംഗ് ജോലികൾ ആറിനുശേഷമാണ് ആരംഭിച്ചത്.
ഇന്നലെ രാവിലെ 9.30 തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇരുകൂട്ടരും പരസ്പരം വെടി ഉതിർത്തെങ്കിലും ആർക്കെങ്കിലും പരിക്ക് പറ്റിയതായി പോലീസ് സ്ഥിരീകരിക്കുന്നില്ല.
സ്ഥലത്തു ണ്ടായിരുന്ന എട്ടുപേരും രക്ഷപ്പെട്ടതായാണ് പോലീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെങ്കിലും വെടിവയ്പ് നടന്ന സ്ഥലങ്ങളിൽ രക്തത്തുള്ളികൾ കണ്ടെന്നു പറയുന്നതു ദുരൂഹതയുണർത്തുന്നു.
മാവോയിസ്റ്റുകൾ തിരിച്ചെത്തി ആക്രമണം നടത്താനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉരുപ്പുംകുറ്റി ടൗണിലും മലമുകളിലെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ വീടുകൾക്കും പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
പുലർച്ചെ അഞ്ചോടെ തണ്ടർബോൾട്ടിന്റെ ഒരു സംഘം തിരികെ പോയതായും മറ്റൊരു സംഘം ഉളിയിലേക്ക് പോയതായും നാട്ടുകാർ പറയുന്നു. വനത്തിനുള്ളിൽ തെരച്ചിൽ നടത്തുന്ന സംഘാംഗങ്ങൾ ഇനിയും തിരിച്ചെത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ആയുധങ്ങൾ പിടിച്ചെടുത്തെന്നും മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നുമുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
മഹസർ തയാറാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു
വെടിവയ്പ് നടന്ന പ്രദേശത്തെത്തി മഹസർ തയാറാക്കാൻ തഹസിൽദാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും വെടിവയ്പ് നടന്ന പ്രദേശത്തേക്ക് ഇന്നു പുലർച്ചെ മൂന്നോടെ പുറപ്പെടാൻ നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീടിത് മാറ്റിവച്ചു. വെടിവയ്പ് തുടരുന്നതുകൊണ്ടാണ് മഹസർ തയാറാക്കുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.