ഇരിട്ടി: കീഴ്പള്ളിക്കടുത്ത് വിയറ്റ്നാം എന്ന സ്ഥലത്ത് പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തിന്റെ പക്കൽ യന്ത്രത്തോക്ക് ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ കണ്ടെന്നു പ്രദേശവാസികൾ.
11 അംഗ മാവോയിസ്റ്റ് സംഘത്തിലെ എല്ലാവരുടെയും പക്കൽ ആയുധങ്ങളുണ്ടായിരുന്നു. രണ്ടുപേരുടെ കൈകളിൽ നാടൻ തോക്കും മറ്റുള്ളവരുടെ കൈകളിൽ യന്ത്രത്തോക്കുൾപ്പെടെയുള്ള ആധുനിക തോക്കുകളുമായിരുന്നു.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് കീഴ്പള്ളിക്കടുത്ത് വിയറ്റ്നാമിൽ 11 അംഗ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി ലഘുലേഖകൾ പതിക്കുകയും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തത്.
ഏഴരയോടെയാണ് ഇവർ തിരികെ പോയത്. ഇവിടെയുള്ള അബ്ദുറഹ്മാന്റ കടയിൽനിന്ന് ആയിരം രൂപയുടെ സാധനങ്ങൾ വാങ്ങുകയും ഡിസ്കൗണ്ട് ചോദിക്കുകയും ചെയ്തു.
സംഘത്തിലെ ഒരുവൻ അബ്ദുറഹ്മാനോട് ഞാൻ സി.പി. മൊയ്തീനാണെന്ന് പറഞ്ഞ് പരിചയപ്പെട്ടശേഷം നാട്ടിൽ നിങ്ങളെ വിളിക്കുന്ന പേര് അബ്ദുക്ക എന്നല്ലെയെന്നു ചോദിച്ചു.
തങ്ങൾ എത്തുന്ന സ്ഥലത്തെ പ്രദേശവാസികളെക്കുറിച്ച് സകല വിവരങ്ങളും പഠിച്ച ശേഷമാണ് മാവോയിസ്റ്റുകൾ ഓരോ ടൗണിലും എത്തുന്നത്.
എത്തുന്ന സ്ഥലത്തെ പ്രധാനപ്പെട്ട ആളുകളുടെ ഫോൺ നന്പർ, പേരുകൾ, ഓരോരുത്തരുടെയും വീടുകൾ തുടങ്ങിയ വിവരങ്ങൾ മാവോയിസ്റ്റുകൾക്കറിയാം.
വനാതിർത്തിയിലെ ഗ്രാമങ്ങളിൽ നിന്നു പ്രാദേശിക സഹായം ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
വിവരമറിഞ്ഞ് പോലീസ് ടൗണിലെത്തിയപ്പോൾ അരക്കിലോമീറ്റർ അകലെ മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. മൂന്നു ദിവസം മുന്പ് എഎസ്പിയുടെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിലെ വനമേഖലയിൽ തെരച്ചിൽ നടത്തിയിരുന്നു.
ഇരിട്ടിയിലെ വനാതിർത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റുകൾ എത്തി പ്രകടനവും പ്രസംഗവും നടത്തുന്നത് മൂന്നാമത്തെ തവണയാണ്.
ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ ടൗണുകളായ എടപ്പുഴ, വാളത്തോട്, വിയറ്റ്നാമിലുമാണ് ഇവരെത്തി പ്രകടനം നടത്തുകയും പോസ്റ്റർ ഒട്ടിച്ച് പ്രസംഗിക്കുകയും ചെയ്തത്.
കബനി ദളത്തിന്റെ പേരിൽ പതിപ്പിച്ച പോസ്റ്ററിൽ തൊഴിലാളികൾക്കും ആദിവാസികൾക്കുമായി ആറളം ഫാം പിടിച്ചെടുക്കാൻ ഒന്നിക്കാൻ ആഹ്വാനം ചെയ്യുന്നു.
ഫാം സ്വകാര്യവൽകരണത്തിനെതിരെയും ആറളം ഫാം തൊഴിലാളി സമരം ഒത്തുതീർപ്പ് ട്രേഡ് യൂണിയനുകൾ തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു വെന്നും പോസ്റ്ററിൽ പറയുന്നു. ആറളം ഫാം തൊഴിലാളികൾ അടിമകൾ അല്ല ഉടമകളാണെന്നും പോസ്റ്ററിൽ പറയുന്നു
അംഗബലം കൂട്ടി മാവോയിസ്റ്റുകൾ
മൂന്ന് സ്ത്രീകൾ അടങ്ങുന്ന 11 അംഗ സംഘമാണ് വിയറ്റ്നാം ടൗണിൽ എത്തിയത്. ആയുധങ്ങളുമായി എത്തുന്ന മാവോയിസ്റ്റുകൾ ജനങ്ങളോട് വളരെ സൗഹൃദത്തോടെയാണ് പെരുമാറുന്നതെങ്കിലും വളരെ ആശങ്കയോടെയാണ് ജനങ്ങൾ ഇതിനെ കാണുന്നത്.
ഇരിട്ടി എഎസ്പി തപോഷ് ബസുമദാരിയും പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിരന്തരമായ മാവോയിസ്റ്റ് സാന്നിധ്യം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും എഎസ്പി പറഞ്ഞു. ഏതാനും ആഴ്ചകൾക്കു മുൻപ് ഉന്നത പോലീസ് അധികാരികൾ അടങ്ങുന്ന സംഘം വിയറ്റ്നാമിലെ കോളനിയിൽ സന്ദർശനം നടത്തിയിരുന്നു. .