കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലുള്ള എട്ട് പോലീസ് സ്റ്റേഷനുകള്‍ മാവോയിസ്റ്റ് പട്ടികയില്‍. ഈ സ്റ്റേഷനുകൾക്കുനേരേ മിന്നല്‍ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു നല്കി. ഇതേത്തുടര്‍ന്ന് ഈ സ്റ്റേഷനുകളുടെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.
വളയം, കുറ്റ്യാടി, തൊട്ടില്‍പാലം, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, താമരശേരി, തിരുവമ്പാടി, കോടഞ്ചേരി സ്റ്റേഷനുകളാണ് മാവോയിസ്റ്റ് പട്ടികയിലള്ളത്.
ഏതുസമയത്തും ആക്രമണം നടക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് മാവോയിസ്റ്റകുള് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള പ്രദേശമാണ് കോഴിക്കോട്ടെ മലയോര മേഖല. കാട്ടിലൂടെ ഇവിടേക്ക് എത്തിപ്പെടാന്‍ വളരെ എളുപ്പമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യത്തിനു പിന്നാലെയാണ് കോഴിക്കോട് ജില്ലയി ലെ മലയോര മേഖലയിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം വ്യക്തമാകുന്നത്.
മലയോര മേഖലയിലെ പല പോലീസ് സ്റ്റേഷന് പരിധിയിലും മാവോയിസ്റ്റുകള്‍ രാത്രികാലത്ത് അരിയും ഭക്ഷ്യസാധനങ്ങളും വാങ്ങാന്‍ എത്തിയ സംഭവങ്ങളുണ്ട്.വീടുകളിൽനിന്ന് സാധനങ്ങള്‍ ശേഖരിച്ച അനുഭവവും ഉണ്ട്. അതുകൊണ്ടാണ് ആക്രമണസാധ്യത പോലീസ് വിലയിരുത്തുന്നത്.
ഭക്ഷ്യസാധനങ്ങള്‍ വാങ്ങി കാട്ടിലേക്കു മടങ്ങുന്ന സംഘങ്ങളെ പിന്നീടു കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല.തൊട്ടില്‍പാലം, പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനുകളാണ് ആദ്യത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. രണ്ടാംഘട്ടത്തില്‍ കുറ്റ്യാടി, വളയം, കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനുകളാണ്.
കോടഞ്ചേരി, താമരശേരി, തിരുവമ്പാടി സ്റ്റേഷനുകളാണ് മൂന്നാംഘട്ടത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ പ്രദേശങ്ങളിലെ സുരക്ഷക്കായി 240 പോലീസുകാരെ നിയോഗിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.ആദിവാസി േകാളനികളില്‍ പ്രത്യേക നിരീക്ഷണമുണ്ടാകും.
വടകര, താമരശേരി, പേരാമ്പ്ര ഡിവൈഎസ്പിമാര്‍ക്കാണ് സുരക്ഷയുടെ മേല്‍നോട്ട ചുമതല.ഫറോക്ക് ചെറുവണ്ണൂരില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മേഖലാ അവലോകന യോഗത്തില്‍ മാവോയിസ്റ്റുകളെ ശക്തമായി നേരിടണമെന്നു നിര്‍ദേശം നല്‍കിയിരുന്നു.