സ്വന്തംലേഖകന്‍
കോഴിക്കോട് : കര്‍ണാടകയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന സിപിഐ മാവോയിസ്റ്റ് തുംഗഭദ്രദളത്തിന്റെ നേതൃനിരയില്‍നിന്ന് കൃഷ്ണമൂര്‍ത്തി കേരള വനാതിര്‍ത്തിയില്‍ സജീവ സാന്നിധ്യമായി മാറിയിട്ട് എട്ട് വര്‍ഷം.
സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ച 2013 മുതല്‍ കൃഷ്ണമൂര്‍ത്തി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആന്റി ടെററിസ്റ്റ് സ്വകാഡിന്റെ (എടിഎസ്) കണ്ടെത്തല്‍. എന്നാല്‍ കൃഷ്ണമൂര്‍ത്തിക്കെതിരേ കൂടുതല്‍ കേസുകള്‍ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
കണ്ണൂരിലെ കരിക്കോട്ടുകരി സ്റ്റേഷനിലും മലപ്പുറം എടക്കര, പോത്തുകല്ല് എന്നിവിടങ്ങളിലും മാത്രമാണ് കൃഷ്ണമൂര്‍ത്തിക്കെതിരേ കേസുള്ളത്. ഇതില്‍ എടക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ എന്‍ഐഎ ആണ് അന്വേഷിക്കുന്നത്.
കേസുകൾ 50
അതേസമയം കര്‍ണാടകയിലെ വിവിധ സ്റ്റേഷനുകളിലായി 50 ഓളം കേസുകളില്‍ കൃഷ്ണമൂര്‍ത്തി പ്രതിയാണെന്ന് എടിഎസ് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ റിവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.
പശ്ചിമഘട്ട സോണല്‍ സെക്രട്ടറിയും സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്രകമ്മിറ്റി അംഗവുമായ കര്‍ണാടക ചിക്കമംഗലൂര്‍ ശൃംഖേരി സ്വദേശി നെമ്മാര്‍ എസ്റ്റേറ്റിലെ ഭീമന്സരലു ഗോപാല്‍ അറിവ് കൃഷ്ണമൂര്‍ത്തി എന്ന വിജയ് 1995 ലാണ് സിപിഐ മാവോയിസ്റ്റ് സംഘടനയില്‍ അംഗമായതെന്നാണ് എടിഎസ് പറയുന്നത്.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തനമാരംഭിച്ചത്. 31-ാം വയസില്‍ കര്‍ണാടകയിലെ തുംഗഭദ്രദളത്തിന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച കൃഷ്ണമൂര്‍ത്തി ആദ്യകാലത്ത് തന്നെ ആയുധപരിശീലനമുള്പ്പെടെ നേടിയിരുന്നു.
എന്നാല്‍ സംഘടനാപ്രവര്‍ത്തനത്തിലെ പിഴവും മറ്റും തുംഗഭദ്ര ദളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇതോടെ കൃഷ്ണമൂര്‍ത്തി കേരളത്തിലേക്ക് മാറി. 2018 ലാണ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായത്. 2007 ല്‍ രൂപീകൃതമായ പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയായും പിന്നീട് ചുമതലയേല്‍ക്കുകയായിരുന്നു.
കേരളത്തിൽ മാത്രം 18 കേസ്
അതേസമയം പിടിയിലായ കബനി ദളത്തിന്റെ കമാന്‍ഡറും ഏരിയാകമ്മിറ്റി അംഗവുമായ രജിത എന്ന സാവിത്രിക്കെതിരേ കേരളത്തില്‍ മാത്രം 18 കേസുകളാണുള്ളത്. അഗളി, പൂക്കോട്ടുംപാടം, എടക്കര, താമരശേരി, തലപ്പുഴ, തിരുനെല്ലി, കേളകം, ആറളം എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.
ഇതില്‍ എടക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. ചിക്കമംഗലൂര്‍ ഹലുവാലി സ്വദേശിയായ രജിത എന്ന സാവിത്രി 2004 മുതല്‍ മാവോയിസ്റ്റ് പ്രവര്ത്തനത്തിലേര്പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.2012 ലാണ് ഭവാനി ദളത്തിന്റെ ഭാഗമായി മാറിയത്. 16 അംഗമാവോയിസ്റ്റ് സംഘത്തിനൊപ്പമാണ് കേരള വനാതിര്‍ത്തിയിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.
2018 ല്‍ ഭവാനി ദ്ളത്തില് നിന്ന് മാറി കബനി ദളത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. നേരത്തെ മാവോയിസ്റ്റ് നേതാവായിരുന്ന വിക്രംഗൗഡയെയായിരുന്നു സാവിത്രി വിവാഹം ചെയ്തിരുന്നത്. പിന്നീട് വിവാഹബദ്ധം വേര്‍പിരിയുകയായിരുന്നു.
കഴിഞ്ഞാഴ്ച കണ്ണൂരില്‍ അറസ്റ്റ് ചെയ്ത നിരോധിത തീവ്രവാദ സംഘടനയായ സിപിഐ (മാവോയിസ്റ്റ്)ന്റെ പ്രവര്‍ത്തകനായ രാഘവേന്ദ്ര എന്ന രവിമുരുകേശ് ഗൗതമിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് എടിഎസ് എസ്പി ചൈത്രതെരേസ ജോണിന്റെയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യിലെ ഡെപ്യൂട്ടേഷന് ശേഷം സംസ്ഥാന പോലീസില്‍ തിരിച്ചെത്തിയ എസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ആന്റി ടെററിസ്റ്റ് ഫോഴ്സി (എടിഎഫ്) ന്റെയും നേതൃത്വത്തിലാണ് ഇരുവരേയും കര്‍ണാടകയില്‍ നിന്ന് പിടികൂടിയത്.
അതേസമയം കേരള-തമിഴ്നാട്-കര്‍ണാടക വനാതിര്‍ത്തി (ട്രയാങ്കിള്‍ ) കളില്‍ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റുകളെയും ഇവര്‍ക്ക് നേതൃത്വം നല്കുന്ന മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളെയും മാവോയിസ്റ്റുകള്‍ക്ക് നഗരത്തില്‍ നിന്ന് സഹായം എത്തിച്ചു നല്കുന്ന കൊറിയറുകളേയും കണ്ടെത്താനുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്. 40 ഓളം പേര് ഇനിയും കേരള വനാതിര്‍ത്തികളില്‍ തമ്പടിച്ചതായാണ് വിവരം.