നിലമ്പൂരില്‍ ഏറ്റുമുട്ടിയത് നാടുകാണി ദളവുമായി, പ്രധാനി വയനാട് സ്വദേശി സോമന്‍,ആദിവാസികളും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളും

റെനീഷ് മാത്യുmaoist

കണ്ണൂര്‍: പശ്ചിമഘട്ടമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് മാവോയിസ്റ്റുകളുടെ അഞ്ചുദളങ്ങള്‍. ഇതിലെ നാടുകാണി ദളവുമായാണ് ഇന്നലെ നിലമ്പൂര്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടും ഭീകരവിരുദ്ധസേനയും ഏറ്റുമുട്ടിയത്. നാടുകാണി ദളത്തിനു പുറമെ മാവോയിസ്റ്റുകളുടെ നേത്രാവതി, കരാവലി, കബനി, ഭവാനി ദളങ്ങളാണു പശ്ചിമഘട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പശ്ചിമഘട്ട ഇടനാഴിയില്‍പ്പെട്ട നേത്രാവതി ദളമെന്ന ആക്രമണ സ്ക്വാഡിനെ നയിക്കുന്നത് സുന്ദരിയാണ്. ആറുപേര്‍ വീതമുള്ള അംഗങ്ങളാണ് ഒരു ദളത്തില്‍ പ്രവര്‍ത്തിക്കുക. നാടുകാണി ദളത്തിലെ പ്രധാനിയാണ് സോമന്‍. വയനാട് കല്‍പ്പറ്റ സ്വദേശിയായ സോമന്‍ പോരാട്ടം പ്രവര്‍ത്തകനായാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് രംഗത്തുവന്നത്.

പിന്നീട് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയില്‍ ചേരുകയായിരുന്നു. ജാര്‍ഖണ്ഡില്‍നിന്ന് ഇയാള്‍ക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. 2013 അവസാനം മുതല്‍ നിലമ്പൂര്‍ കാടുകളിലെ സാന്നിധ്യമാണ് സോമന്‍. ഷാഹിദ് എന്ന പേരിലാണ് ഇയാള്‍ സംഘാംഗങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ആദിവാസികളുടെ വിശ്വാസം നേടിയെടുക്കുന്നതോടൊപ്പം മാധ്യമപ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമവും നാടുകാണി ദളത്തിന്റെ നേതൃത്വം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇതിനായി സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി എന്ന പേരില്‍ വാട്‌സ് ഗ്രൂപ്പ് ഉണ്ടാക്കി. അക്രമം നടത്തുക മാത്രമല്ല അതു ലോകത്തെ അറിയിക്കുകകൂടി വേണമെന്ന നിലപാടിലാണ് നിലമ്പൂരിലെ മാവോയിസ്റ്റുകള്‍. അതിന്റെ ഭാഗമായി കഴിഞ്ഞദിവസം പോലീസുമായി നടന്ന ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ ഏതാനും മാധ്യമപ്രവര്‍ത്തകരെ വിളിച്ച് മാവോയിസ്റ്റ് വക്താവ് എന്നു പരിചയപ്പെടുത്തിയ അക്ബര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

തൃശൂര്‍ തൃപയാര്‍ സ്വദേശി രൂപേഷ്, ഭാര്യ വലപ്പാട് സ്വദേശി ഷൈന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിപിഐയുടെ (മാവോയിസ്റ്റ്) പശ്ചിമഘട്ടത്തിലെ പ്രവര്‍ത്തനം. മാവോയിസ്റ്റുകളുടെ വനിതാവിംഗാണ് ഭവാനി ദളം. ഷൈനയായിരുന്നു ഇതിനു നേതൃത്വം നല്കിയിരുന്നത്. കബനി ദളത്തിന് രൂപേഷും. ഇവരുടെ അറസ്റ്റോടെ കര്‍ണാടകത്തിലെ മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലാണ് ഈ ദളങ്ങള്‍.സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ട് നാലുവര്‍ഷമാകുമ്പോഴും മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണ്. വയനാട്, നിലമ്പൂര്‍, പാലക്കാട് മേഖലകളില്‍ തണ്ടര്‍ബോള്‍ട്ടുമായി വെടിവയ്പ് നടന്നപ്പോഴും ഏറെനേരം വെടിയുതിര്‍ത്തതിനു ശേഷം മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് പിന്‍വലിയുകയായിരുന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് വേട്ട സജീവമാക്കിയ സാഹചര്യത്തില്‍ കേരള വനാതിര്‍ത്തിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം സജീവമാണെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂര്‍ കാടുകളില്‍ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ നടത്തിയതും ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതും.

2013-ല്‍ കേരള വനാതിര്‍ത്തി മേഖലയില്‍ 35 തവണയും 2014 ല്‍ 50 തവണയും 2015 ല്‍ 20 തവണയും ആയുധധാരികളായ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം മേഖലകളിലായിരുന്നു ഇവര്‍ കൂടുതലായും പ്രത്യക്ഷപ്പെട്ടത്. നിലമ്പൂര്‍ വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും മാവോയിസ്റ്റുകള്‍ തന്നെ മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തിരുന്നു.രൂപേഷിന്റെ അറസ്റ്റോടെ കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരേയുള്ള പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. പോലീസുമായി രണ്ട് ഏറ്റുമുട്ടലടക്കം നടന്നിട്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നതില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടിരുന്നു.

രൂപേഷിന്റെ അറസ്റ്റിനുശേഷം 25 ഓളം തവണ വടക്കന്‍ ജില്ലകളിലെ വനാതിര്‍ത്തി മേഖലകളിലെ ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകള്‍ സന്ദര്‍ശിച്ചിരുന്നു.ഇതിനിടെ മാവോയിസ്റ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂര്‍, വയനാട് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത 22 കേസുകളുടെ അന്വേഷണം നിലയ്ക്കുകയും ചെയ്തു. വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളുടെയും കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഒന്‍പതു കേസുകളുടെയും അന്വേഷണമാണു നിലച്ചത്. കണ്ണൂര്‍ ജില്ലയിലെ മൂന്നു കേസുകളുടെ കുറ്റപത്രം സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും തുടര്‍നടപടികളുണ്ടായില്ല. നെടുമ്പൊയിലിലെ ക്രഷര്‍ ആക്രമണം, കൊളപ്പ, ചെക്യേരി കോളനികളിലെ സായുധസംഘത്തിന്റെ സന്ദര്‍ശനം തുടങ്ങിയ മൂന്നു കേസുകളില്‍ അന്ന് ഇരിട്ടി ഡിവൈഎസ്പിയായിരുന്നു പി.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിച്ച് 180 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികള്‍ ഇതുവരെയും ഉണ്ടായില്ല.

Related posts