റെനീഷ് മാത്യു
കണ്ണൂർ: നക്സല്‍ നേതാവ് ചാരുമജുംദാര്‍ രക്തസാക്ഷിദിനാചരണത്തിന് മാവോയിസ്റ്റുകൾ ദക്ഷിണേന്ത്യയിൽ സംഘടിക്കുന്നു. 28 നാണ് രക്തസാക്ഷി ദിനാചരണം. കേരളം, തമിഴ്നാട്, കർണാടക വനാതിർത്തിയിലാണ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളുടെയും വനാതിർത്തികൾ പങ്കിടുന്ന നിലന്പൂർ ട്രൈജംഗ്ഷനിൽ മാവോയിസ്റ്റുകൾ സംഘടിക്കുന്നതായാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
തമിഴ്നാട്, ദക്ഷിണ കർണാടകം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ദളങ്ങളിലെ നേതാക്കൻമാർ കേരളത്തിലെ വനങ്ങളിൽ എത്തിയിട്ടുള്ളതായും പറയുന്നു. തമിഴ്നാട്, കർണാടക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ദളം കേരളത്തിലെ കബനിദളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്നാട് പോലീസ് തിരയുന്ന 32 മാവോയിസ്റ്റുകളുടെ പുതിയ പട്ടിക പുറത്തുവിട്ടിരുന്നു. വയനാട് സോമന്, സി.പി.മൊയ്തീന്, രാജീവന്, ദീപക്, ഉണ്ണിമായ എന്നീ മലയാളികള്‍ ഉള്‍പ്പെടെ 32 മാവോയിസ്റ്റുകളാണ് തമിഴ്നാട് പോലീസ് പുറത്തുവിട്ട പുതിയ പട്ടികയിൽ ഉള്ളത്.
ഇതിലെ വനിതാ മാവോയിസ്റ്റായ സുന്ദരി കേരളത്തിലേക്ക് കടന്നതായാണ് തമിഴ്നാട് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. തമിഴ്നാട്, കർണാടക വനാതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെയും കർണാടക നക്സൽവിരുദ്ധ സേനയുടെയും നേതൃത്വത്തിലാണ് പരിശോധന.
കഴിഞ്ഞ ദിവസം വയനാട്ടിൽ മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാൾഡ് എസ്റ്റേറ്റിലെ തൊള്ളായിരം കണ്ടിയിലെത്തിയത് വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. വയനാട് സ്വദേശി സോമനും സംഘത്തിലുണ്ടായിരുന്നു.