പാലക്കാട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത വിദ്യാർഥികളിൽനിന്നും മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളുടെ താവളത്തിൽനിന്നും കണ്ടെത്തി ലഘുലേഖകൾ ഒന്നെന്ന് പോലീസ്.
മഞ്ചിക്കണ്ടിയിൽനിന്ന് കിട്ടിയ പെൻഡ്രൈവിലായിരുന്നു ലഘുലേഖ. തെലുങ്ക്, ഹിന്ദി പരിഭാഷകളിലുള്ള ലഘുലേഖയും പെൻഡ്രൈവിൽ ഉണ്ടായിരുന്നു. ഇവയുടെ മലയാളത്തിലുള്ള ലേഘുലേഖകളാണ് വിദ്യാർഥികളിൽനിന്ന് കണ്ടെത്തിയത്.വിദ്യാർഥികൾ വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
കണ്ണൂർ പാലയാട്ടെ സർവകലാശാലാ കാമ്പസ് നിയമവിദ്യാർഥി കോഴിക്കോട് തിരുവണ്ണൂർ പാലാട്ട്നഗർ മണിപ്പൂരി വീട്ടിൽ അലൻ ഷുഹൈബ് (20) , കണ്ണൂർ സ്കൂൾ ഓഫ് ജേർണലിസം വിദ്യാർഥി ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ടുപറമ്പ് കോട്ടുമ്മൽ വീട്ടിൽ താഹ ഫൈസൽ (24) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
രേഖാചിത്രങ്ങൾ, മാപ്പുകൾ, ഡയറിക്കുറിപ്പുകൾ എന്നിവയാണ് മഞ്ചിക്കണ്ടിയിൽനിന്ന് പോലീസ് കണ്ടെടുത്തത്. ഇതിൽ മാവോയിസ്റ്റുകൾ അക്രമണത്തിന് പദ്ധതിയിടുന്ന കാര്യങ്ങളും വിശദീകരിക്കുന്നതായി പോലീസ് പറഞ്ഞു.
ഏതൊക്കെ പ്രദേശങ്ങളിൽ അംഗങ്ങളെ വിന്യസിക്കണം, എങ്ങിനെ ഒളിഞ്ഞിരിക്കണം, ആവശ്യമെങ്കിൽ തുരങ്കങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതകൾ, തണ്ടർബോൾട്ട് അംഗങ്ങളെ വളഞ്ഞ് അക്രമിക്കേണ്ട വിധം എന്നിങ്ങനെയുള്ള കാര്യങ്ങൾ സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകളാണ് കണ്ടെടുത്തത്. നാലു മാവോയിസ്റ്റുകൾ വെടിയേറ്റുമരിച്ച സ്ഥലത്തെ താത്ക്കാലിക ക്യാന്പിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.