പാലക്കാട്: അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനമേഖലയിൽ നാലു മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വർഷമായിട്ടും ദുരൂഹത നീങ്ങിയില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ 28നാണ് അട്ടപ്പാടി വനമേഖലയിൽ മേലേ മഞ്ചിക്കണ്ടിയിൽ മൂന്നു മാവോയിസ്റ്റുകൾ തണ്ടർബോൾട്ട് സംഘത്തിന്റെ വേടിയേറ്റു മരിച്ചത്.
പിറ്റേന്ന് ഇവരുടെ മൃതദേഹം വീണ്ടെടുക്കാൻ പോലീസ് സംഘം ചെന്നപ്പോഴുണ്ടായ വെടിവയ്പിൽ മറ്റൊരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു.
മനുഷ്യാവകാശ സംഘടനകളും മാവോയിസ്റ്റ് അനുഭാവ സംഘടനകളും മാത്രമല്ല ഭരണമുന്നണിയിലെ പ്രധാനഘടകക്ഷിയായ സിപിഐ പോലും വെടിവയ്പിൽ ദുരൂഹത ആരോപിച്ചിരുന്നു.
ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം വൈകുന്നതിനാൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതു മൂലം കുറ്റപത്രവും നൽകിയിട്ടില്ല.
രണ്ടു ദിവസത്തെയും ഏറ്റുമുട്ടൽ പ്രത്യേകമായാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.ശ്രീനിവാസൻ, അജിത, കാർത്തിക്, മണിവാസകം എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് പോലീസ് രേഖകളിലുള്ളത്.
എന്നാൽ ഈ പേരുകളുടെ കാര്യത്തിൽ ഏകാഭിപ്രായത്തിലെത്താൻ കേരള, തമിഴ്നാട്, കർണാടക പോലീസ് സംഘത്തിന് ആദ്യഘട്ടത്തിൽ കഴിഞ്ഞില്ല. അതിനാൽ മൃതദേഹം തിരിച്ചറിയലും സംസ്കാരവും വൈകിയിരുന്നു.
ഏറ്റുമുട്ടൽ സ്ഥലത്തുനിന്നു കിട്ടിയ, മാവോയിസ്റ്റുകളുടേതെന്നു കരുതുന്ന എകെ 47 ഉൾപ്പെടെ 7 തോക്കുകളും ഒട്ടേറെ ഡിജിറ്റൽ ഉപകരണങ്ങളും തണ്ടർബോൾട്ട് സേനയുടെ 14 ആയുധങ്ങളുമാണു ബാലിസ്റ്റിക് പരിശോധനയ്ക്കു വിധേയമാക്കേണ്ടത്.
പലതവണ ആവശ്യപ്പെട്ടിട്ടും സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലാബിൽ നിന്നു ഫലം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ട തീയതി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.
മഞ്ചിക്കണ്ടിയിൽ നിന്നു രക്ഷപ്പെട്ടതെന്നു കരുതുന്ന ദീപക്കിനെയും ജ്യോതി എന്ന ശോഭയെയും പിന്നീട് തമിഴ്നാട് പോലീസ് പിടികൂടുകയുണ്ടായി.