കോഴിക്കോട് : സംസ്ഥാനത്ത് നഗര മേഖലയില് മാവോയിസ്റ്റുകള് സജീവമാണെന്ന റിപ്പോര്ട്ടുകളെ തുടര്ന്ന് പോലീസ് സംശയമുള്ളവരുടെ ഫോണ്കോളുകള് ചോര്ത്തുന്നു.സര്ക്കാര് ജീവനക്കാര് മുതല് വിവിധ രാഷ്ട്രീയ പാര്ട്ടികളുടെ നേതൃത്വത്തില് പ്രവര്ത്തിക്കുന്നവര് വരെയുള്ളവര് സംശയ മുനയിലാണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി മാറിയേക്കാവുന്ന സാഹചര്യത്തില് ഇവരുടെ ഫോണ്കോളുകള് ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെയാണ് ചോര്ത്തുന്നത്.
ലോക്കല് പോലീസ് അതത് ജില്ലാ പോലീസ് മേധാവിമാരുടെ നിര്ദേശപ്രകാരം സൈബര് സെല്ലിന്റെ സഹായത്തോടെയാണ് ഫോണ്കോളുകള് ചോര്ത്തുന്നത്. നേരത്തെ തന്നെ ജില്ലാ-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള് നഗരമാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരുടേയും അവരുമായി അടുപ്പം പുലര്ത്തുന്നവരുടേയും വിവരങ്ങള് ശേഖരിച്ചിരുന്നു.
ഇതിന് പുറമേ സോഷ്യല്മീഡിയയിലും മറ്റു സമൂഹമാധ്യമങ്ങള് വഴിയും മാവോയിസ്റ്റുകളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. ഈ പട്ടിക അതത് ജില്ലാ പോലീസ് മേധാവിമാര്ക്ക് കൈമാറുകയും റിപ്പോര്ട്ടില് പരാമര്ശിച്ചവരില് സമയബന്ധിതമായി വിവരങ്ങള് ശേഖരിക്കേണ്ടവരുടെ ഫോണ്കോളുകള് ചോര്ത്താന് പോലീസ് മേധാവിമാര് അനുമതി നല്കുകയുമായിരുന്നു.
അതേസമയം ഫോണ്കോള് ചോര്ത്തുന്നവരുടെ വിവരങ്ങള് അതീവ രഹസ്യമായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. സിപിഎം ഉള്പ്പെടെയുള്ള മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില് നഗര മാവോയിസ്റ്റ് അനുഭാവികള് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പന്തീരങ്കാവില് അറസ്റ്റിലായ യുവാക്കള് പോലീസിന് മൊഴി നല്കിയിരുന്നു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്മുഹമ്മദ്, താഹഫസല് എന്നിവരായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്ട്ടികളില് അംഗത്വം വഹിക്കാനും സജീവമായി പ്രവര്ത്തിക്കാനും മാവോയിസ്റ്റ് സംഘത്തിലെ ചിലര് നിര്ദേശം നല്കിയിരുന്നു.
ഇതേതുടര്ന്നാണ് രണ്ടുവര്ഷമായി സിപിഎമ്മില് പ്രവര്ത്തിച്ചതെന്നും പാര്ട്ടിയെ മറയാക്കി മാവോയിസ്റ്റ് അനുകൂല പ്രവര്ത്തനങ്ങള് നടത്തിയിരുന്നുവെന്നുമാണ് യുവാക്കള് മൊഴി നല്കിയത്. കോഴിക്കോടിനു പുറമേ കണ്ണൂര് , വയനാട്, മലപ്പുറം ജില്ലകളിലും അര്ബണ് മാവോയിസ്റ്റുകള് സജീവമായുണ്ടെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതേതുടര്ന്നാണ് അടിയന്തിരപ്രാധാന്യത്തോടെ പോലീസ് ഫോണ്കോളുകള് ചോര്ത്തുന്നത്.
18 പേര് കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മാത്രം പ്രവര്ത്തനം നടത്തുന്നുണ്ടെന്നും പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും വിവരം ലഭിച്ചിരുന്നു. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പാണ്ടിക്കാട് ഉസ്മാനുള്പ്പെടെ ഒളിവില് കഴിയുന്നവരാണ് അര്ബണ് മാവോയിസ്റ്റുകള്ക്ക് വേണ്ട നിര്ദേശങ്ങള് നല്കിയിരുന്നതെന്നാണ് കണ്ടെത്തല് . മാവോയിസ്റ്റുകളെ എതിര്ക്കുന്ന പ്രധാന രാഷ്ട്രീയ പാര്ട്ടിയിലുള്പ്പെടെ മാവോയിസ്റ്റ് ആശയങ്ങള് പ്രചരിപ്പിക്കുന്ന അര്ബണ് മാവോയിസ്റ്റുകള് പ്രവര്ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.