ഇരിട്ടി: മാവോയിസ്റ്റുകൾ ഫോറസ്റ്റ് വാച്ചർമാരെ വെടിവച്ചത് തീവ്രവാദവിരുദ്ധ സ്ക്വാഡായ തണ്ടർബോൾട്ട് സംഘമാണെന്ന് തെറ്റിദ്ധരിച്ചെന്നു സംശയം.
വാച്ചർമാർ ധരിച്ചിരുന്നത് തണ്ടർ ബോൾട്ടിന്റേതിനോട് സാമ്യമുള്ള യൂണിഫോം ആയിരുന്നു. ഇതുമൂലം തണ്ടർബോൾട്ടെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയോടെയാണ് ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ താത്കാലിക വാച്ചർമാരായ എബിൻ( 26), സിജോ (28), ബോബസ് (25) എന്നിവർക്കുനേരേ അഞ്ചംഗ മാവോയിസ്റ്റ് സംഘം ഏഴ് റൗണ്ട് വെടിവച്ചത്.
വെടിവയ്പിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും മാവോയിസ്റ്റുകൾക്ക് മുന്നിൽനിന്നു രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ വീണ് മൂന്ന് വനപാലകർക്കും ചെറിയ പരിക്കുകളേറ്റു.
വെടി ഉതിർത്ത സംഭവത്തിൽ മാവോയിസ്റ്റുകളുടെ പേരിൽ യുഎപിഎ കുറ്റം ചുമത്തി. ആറളം പോലീസ് മാവോയിസ്റ്റ് നേതാവ് മൊയ്തീനെ ഒന്നാം പ്രതിയാക്കിയും സംഘത്തിനെതിരേയും കേസെടുത്തു.
വനംവകുപ്പിന്റെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് അമ്പലപ്പാറയിലുള്ള ക്യാമ്പ് ഷെട്ടിലേക്ക് പോവുകയായിരുന്നു വനപാലക സംഘം.
ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ചാവച്ചിയിലെ ക്യാമ്പ് ഷെഡും കടന്ന് 100 മീറ്റർ അകലെ കുടകൻ പുഴയോരത്ത് വച്ചാണ് വനപാലക സംഘം മാവോയിസ്റ്റുകളുടെ മുന്നിൽപെട്ടത്.
പുതിയതായി നിയമിതനായ ഇവർ തണ്ടർബോൾട്ടിന്റേതു പോലുള്ള യൂണിഫോം ധരിച്ചിരുന്നതുകൊണ്ട് ഇവരെ കണ്ടയുടനെ അഞ്ചംഗ മാവോവാദി സംഘത്തിലെ ആയുധധാരികളായ രണ്ട് പേർ തോക്കു ചൂണ്ടി.
ഇതോടെ കയ്യിലുള്ള അരിയും ക്യാമ്പിംഗ് സാമഗ്രികളും ഉപേക്ഷിച്ച് വാച്ചർമാർ തിരിഞ്ഞോടി. ഇവർക്കുനേരേയും ആകാശത്തേക്കുമായി ഏഴ് റൗണ്ട് വെടിവച്ചതായാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
സംഭവത്തിനുശേഷം തിരികെ മൂന്ന് കിലോമീറ്ററിലധികം ഓടി നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി സഹപ്രവർത്തകരോടു വിവരം പറയുമ്പോഴാണ് സംഭവം അധികൃതർ അറിയുന്നത്.
ഉടൻ തന്നെ ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡ് പി. പ്രസാദ്, അരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ പ്രദീപൻ കാരായി എന്നിവർ സ്ഥലത്തെത്തുകയും നരിക്കടവിൽനിന്ന് വാച്ചർമാരെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് എത്തിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് ഡിഐജി തോംസൺ ജോസഫ്, കണ്ണൂർ റൂറൽ എസ്പി എം. ഹേമലത, കണ്ണൂർ ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ അജിത്ത് കെ. രാമൻ എന്നിവർ വാച്ചർമാരിൽനിന്നു മൊഴിയെടുത്തു.