കെ.കെ. അർജുനൻ
മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും പോസ്റ്റ്മോർട്ടം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ചു. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തിച്ച മൃതദേഹങ്ങൾ ഇന്നുരാവിലെ എട്ടുമണിയോടെ പോസ്റ്റുമോർട്ടം ചെയ്യാൻ തുടങ്ങി. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലും കോളജ് ക്യാന്പസിലും ഒരുക്കിയിരിക്കുന്നത്.
പോസ്റ്റുമോർട്ടം നടക്കുന്ന മോർച്ചറിക്ക് 300 മീറ്റർ അകലെ കയർകെട്ടി വഴി അടച്ചിരിക്കുകയാണ്. ക്വാർട്ടേഴ്സിലും ഹോസ്റ്റലുകളിലും താമസിക്കുന്ന ജീവനക്കാരേയും വിദ്യാർഥികളേയും ഇതുവഴി പോകാൻ അനുവദിക്കുന്നില്ല. വേറെ വഴിക്ക് തിരിഞ്ഞുപോകാനാണ് ഇവരോടു പറഞ്ഞിരിക്കുന്നത്. മോർച്ചറിക്ക് സമീപമുള്ള ക്ലാസുകളും ഇന്ന് പ്രവർത്തിക്കുന്നില്ല.
പോലീസിനെക്കൊണ്ട് ക്യാന്പസ് നിറഞ്ഞിരിക്കുകയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം പോലീസുകാരെ മെഡിക്കൽ കോളജിൽ വിന്യസിച്ചിട്ടുണ്ട്. എട്ട് എസിപിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ സംവിധാനങ്ങൾ. തൃശൂർ, ഗുരുവായൂർ, ക്രൈം ബ്രാഞ്ച്, സ്പെഷ്യൽബ്രാഞ്ച് എന്നിവിടങ്ങളിലെയും പാലക്കാട്ടേയും എസിപിമാരാണ് സുരക്ഷമേൽനോട്ടത്തിനായി മെഡിക്കൽ കോളജിലുള്ളത്.
മെഡിക്കൽ കോളജ് ക്യാന്പസിലെ എട്ട് ഹോസ്റ്റലുകൾക്കും കാവൽ ഏർപ്പെടുത്തി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആശുപത്രിയിലും പ്രത്യേക സുരക്ഷ സജ്ജമാക്കി.മെഡിക്കൽ കോളജിലെ സബ് ട്രഷറി, ഫോറൻസിക് വിഭാഗം എന്നിവിടങ്ങളിലെല്ലാം പോലീസിനെ വിന്യസിച്ചു. തണ്ടർബോൾട്ട്, സായുധ സേനയിൽ നിന്നുള്ളവരും തോക്കേന്തി കാന്പസിൽ നിലയുറപ്പിച്ചിട്ടുണ്ട്.
തൃശൂർ മെഡിക്കൽ കോളജ് ഇന്നുവരെ കണ്ടിട്ടില്ലാത്ത സുരക്ഷയാണ് ഇപ്പോൾ ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ആശുപത്രി വേറെ ഭാഗത്തായതിനാൽ സുരക്ഷ സംവിധാനങ്ങളും നിയന്ത്രണങ്ങളും രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല.
മൃതദേഹങ്ങളുടെ എക്സ് റേ എടുത്തു
ഇന്നലെയും ഇന്നു പുലർച്ചെയുമായി എത്തിച്ച നാലു മൃതദേഹങ്ങളുടേയും എക്സ് റേ എടുത്ത ശേഷമാണ് പോസ്റ്റ്മോർട്ടം ആരംഭിച്ചത്. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവാകാശ കമ്മീഷനും മറ്റും ഇടപെട്ടതിനാൽ വിശദമായ പോസ്റ്റ്മോർട്ടം നടത്താനാണ് നിർദ്ദേശമുള്ളത്.
പോസ്റ്റ്മോർട്ടത്തിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടപടികളും പൂർണമായും വീഡിയോവിൽ പകർത്തുകയും സ്റ്റിൽ ഫോട്ടോയെടുക്കുകയും ചെയ്യുന്നുണ്ട്. സാധാരണ പോസ്റ്റ്മോർട്ടത്തിന് അരമണിക്കൂറേ എടുക്കാറുള്ളുവെങ്കിലും സ്പെഷ്യൽ കേസായതിനാൽ ഒരെണ്ണം പൂർത്തിയാകാൻ രണ്ടുമണിക്കൂറെങ്കിലും എടുക്കുമെന്നാണ് പറയുന്നത്. ഇന്നുച്ചയോടെ മാത്രമേ നാലുപേരുടേയും പോസ്റ്റുമോർട്ടങ്ങൾ കഴിയുകയുള്ളു.
മൃതദേഹങ്ങളിൽ നിന്ന് എത്ര ബുള്ളറ്റുകൾ കണ്ടെത്തിയെന്നതടക്കമുള്ള വിശദാംശങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടാകും. എത്ര ദൂരെനിന്നാണ് ഇവർക്ക് വെടിയേറ്റത് എന്നതിനെക്കുറിച്ച് ബാലിസ്റ്റിക് എക്സ്പെർട്ടുകളുടെ റിപ്പോർട്ടും ആവശ്യമാണെന്ന് പറയുന്നു.
കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ച് ആശയക്കുഴപ്പം
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സ്ത്രീ ആരാണ് എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ശ്രീമതി എന്ന സ്ത്രീയാണ് മരിച്ചതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കേരള-തമിഴ്നാട്-കർണാടക പോലീസ് സേനയിലുള്ളവർ നടത്തിയ വിശദമായ പരിശോധനയിൽ കൊല്ലപ്പെട്ടത് രമ എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ആരാണ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കണമെങ്കിൽ ഇവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തേണ്ടതുണ്ട്. പോസ്റ്റ്മോർട്ടം നടക്കുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ വന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ഏറ്റുവാങ്ങാൻ ആരും എത്തിയില്ലെങ്കിൽ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കും. ആരെങ്കിലുമെത്തി മൃതദേഹങ്ങൾ ഏറ്റെടുക്കുന്നതു വരെയോ അല്ലെങ്കിൽ സംസ്കരിക്കുന്നതുവരെയോ മെഡിക്കൽ കോളജിൽ സുരക്ഷ തുടരും.