സ്വന്തം ലേഖകന്‍
കൽപറ്റ: വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ, മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കുന്നതിനിടെ രക്ഷപ്പെട്ട മൂന്നുപേരും വയനാട്-കണ്ണൂര്‍ അതിര്ത്തിവിട്ടതായി സംശയം. ഇന്നലെ പകലും രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും ഇവരെക്കുറിച്ച് സൂചന ലഭിച്ചില്ല.
ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകൾക്കും ഒപ്പമുണ്ടായിരുന്ന ആയുധങ്ങള്‍ കൈവശം വച്ച പുരുഷനും വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. കൂട്ടാളികള്‍ പിടിയിലാകുമ്പോള്‍ എങ്ങിനെയും അതിര്‍ത്തികടക്കുക, അല്ലെങ്കില്‍ ഉള്‍ക്കാടുകളിലേക്ക് വലിയുക എന്നതാണ് മാവോയിസ്റ്റുകള്‍ തുടര്‍ന്നുപോരുന്ന രീതിയെന്നാണ് പോലീസ് നല്കുന്ന വിവരം.
ഏറ്റവും വിശ്വസ്തരില്‍ നിന്നും പ്രാദേശിക സഹായവും ഇവര്‍ തേടാറുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ പൂര്‍ണമായും വിട്ടുപറയാന്‍ ഇരുവരും തയാറായിട്ടില്ല.
പോലീസിന്റെയും തണ്ടർബോൾട്ടിന്റെയും കണ്ണുവെട്ടിച്ച് തലപ്പുഴയിലും പേരിയിലും സിപിഐ (മാവോയിസ്റ്റ്)ബാണാസുര ഏരിയാ സമിതി കമാന്‍ഡര്‍ ചന്ദ്രു(33), സംഘാംഗം ഉണ്ണിമായ(28) എന്നിവരെയാണ് പിടികൂടിയത്. ഇവരെ അഞ്ച് ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ രാത്രി എത്തിയതായിരുന്നു അഞ്ചംഗ സായുധസംഘം. മൊബൈൽ ഫോണുകൾ ചാർജിന് വച്ച് ഭക്ഷണം കഴിക്കാൻ ഒരുങ്ങിയപ്പോൾ തണ്ടർബോൾട്ട് സംഘം വീട് വളഞ്ഞു. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഏറ്റുമുട്ടലുണ്ടായി.
തുടർന്നാണ് ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടുസ്ത്രീകളും പുരുഷനും കാട്ടിലേക്ക് ഓടിമറഞ്ഞു. പുരുഷന്റെ കൈയില്‍ വലിയ തോക്കുണ്ടായിരുന്നു.
സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. പുരുഷന് ആരെന്ന കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണ്. ഇതില്‍ സുന്ദരി എന്‍ഐഎ പത്ത് ലക്ഷം ഇനാം പ്രഖ്യാപിച്ചയാളാണ്.