കോഴിക്കോട് : മാവോവാദികളുടെ പേരില്‍ ജില്ലയിലെ പ്രമുഖ വ്യവസായികള്‍ക്ക് ഭീഷണികത്തയച്ച രണ്ട് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സി-ബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്കി.
പറോപ്പടി സ്വദേശി തച്ചംക്കോട് ഹബീബ് റഹ്മാന് (46), കട്ടിപ്പാറ സ്വദേശി കളത്തിങ്ങല്‍ ഷാജഹാന് (43) എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്.പ്രതികള്‍ ഉപയോഗിക്കുന്ന ഫോണുകളുടെ കോള്ഡീറ്റൈയില്സ് റിപ്പോര്‍ട്ട് (സിഡിആര്‍ ) സൈബര്‍സെല്‍ വഴി അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്.
അര്‍ബണ്‍ മാവോയിസ്റ്റുകളുമായി ഇവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള അടുപ്പമുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അര്‍ബണ്‍ മാവോയിസ്റ്റുകളുടെ വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും മറ്റും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ വയനാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അസി.കമ്മീഷണര്‍ ടി.പി.ശ്രീജിത്ത് അറിയിച്ചു. പ്രമുഖ കരാറുകാരനും സ്വര്‍ണ വ്യാപാരിക്കും ഭക്ഷ്യ എണ്ണ കമ്പനി ഉടമക്കുമാണ് കഴിഞ്ഞ ദിവസം ഭീഷണികത്ത് ലഭിച്ചത് .
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മലപ്പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയായ മുന്‍ മന്ത്രിക്കും ഭീഷണിക്കത്തയച്ചതായി ഇവര്‍ വെളിപ്പെടുത്തി. കോവിഡ് പ്രതിസന്ധിയിലായ നിര്‍മാണ മേഖലയിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാനാണ് വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്.
തെക്കന്‍ ജില്ലയിലെ ഒരു എം.പിയെ നേരത്തെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയതായും വിവരം ലഭിച്ചിട്ടുണ്ട് . കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളില്‍ പ്രതിയായ ഹബീബ് ഗൂഗിളിലൂടെയാണ് മാവോയിസ്റ്റുകളുടെ കത്തെഴുത്ത് രീതി മനസിലാക്കിയതെന്നാണ് പറയുന്നത്.
മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെ ഇക്കാര്യം വ്യക്തമാക്കാനാവും. നിരവധിപേരെ സംഘം ഹണി ട്രാപ്പിലടക്കം ഉള്‍പെടുത്തിയതായും സൂചനയുണ്ട് . ഇതേകുറിച്ചും വിശദമായി അന്വേഷിച്ചുവരികയാണ്.