കാളികാവ്: ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍. അട്ടപ്പാടിയില്‍ മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോട് പകരം ചോദിക്കുമെന്നാണ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
മധുവിന്റെ മരണത്തിന് പ്രധാനകാരണം പട്ടിണിയാണെന്നും മധു ഉള്‍പ്പെടെയുള്ള ആദിവാസികളെ പട്ടിണിക്കിട്ട സര്‍ക്കാര്‍ ഏജന്‍സികളാണ് കൊലപാതകത്തിന് ഉത്തരവാദികള്‍ എന്നും മാവോവാദികള്‍ പറയുന്നു.ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ ആള്‍ക്കൂട്ടം നിര്‍ദ്ദയം തല്ലിക്കൊന്നത്. ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള അവസരം കൂടിയായി കൊലപാതകത്തെ മാവോവാദികള്‍ മാറ്റിത്തീര്‍ക്കുകയാണ് എന്നും ആരോപണമുണ്ട്. കൊലപാതകത്തിനു ശേഷം അട്ടപ്പാടി ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി സൂചനയുണ്ട്.
മധുവിന്റെ മരണശേഷം പുതിയ പ്രവര്‍ത്തകരെ എത്തിച്ച പ്രത്യേക പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ആദിവാസികള്‍ക്ക് ഭൂമിയും മറ്റ് സൗകര്യങ്ങളും അനുവദിച്ചു കൊടുക്കുന്നതിലെ വീഴ്ചയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ പട്ടികയില്‍ പെടുത്താന്‍ കാരണം. ആദിവാസികളോടു മാത്രം കടുത്ത നിലപാട് സ്വീകരിക്കുന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോടുള്ള പ്രതിഷേധത്തിനു പിന്നില്‍. എന്നാല്‍ മേലെ മഞ്ഞക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകളില്‍ ഒരാളെപ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലയെന്നത് പോലീസിന്റെ തലവേദന കൂട്ടുന്നു.