തിരുവനന്തപുരം; എം.ജി സർവകലാശാല മാർക്ക്ദാനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിനു മറുപടി നൽകവേ കെ.എം. ഷാജിക്കെതിരെ നടത്തിയ പരാമർശത്തിൽ മന്ത്രി കെ.ടി ജലീൽ ഖേദം പ്രകടിപ്പിച്ചു.
കെ.എം. ഷാജി നടത്തുന്നതു കവല പ്രസംഗമാണെന്നും കോളജിന്റെ പടികയറിയിട്ടില്ലാത്ത ഷാജിക്കു മാർക്ക് വിവാദത്തിന്റെ കാര്യത്തിൽ സംസാരിക്കാൻ അർഹതയില്ലെന്നുമുള്ള പരാമർശത്തിനാണു മന്ത്രി ഖേദം പ്രകടിപ്പിച്ചു പരാമർശം പിൻവലിച്ചത്.
തന്റെ പ്രസംഗം കവല പ്രസംഗമാണെന്നു പറഞ്ഞത് അംഗീകാരമായാണു കാണുന്നതെന്നും താനും മന്ത്രിയും ഒരേ കോളജിലാണ് പ്രീഡിഗ്രി പഠിച്ചതെന്നും ഷാജി പറഞ്ഞു. മന്ത്രി സ്വന്തം സർട്ടിഫിക്കറ്റ് പരിശോധിച്ചു പ്രീഡിഗ്രി പഠിച്ചത് കോളജിലാണോയെന്ന് ഉറപ്പാക്കണം. മന്ത്രിയുടെ പരാമർശം സഭാ രേഖയിൽനിന്നു മാറ്റരുതെന്നും തന്റെ വിശദീകരണം കൂടി ഉൾപ്പെടുത്തണമെന്നും ഷാജി ആവശ്യപ്പെട്ടു. പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന സിനിമാ ഡയലോഗും ഷാജി സഭയിൽ പറഞ്ഞു.
കോളജിൽ പഠിച്ചിട്ടില്ലെന്നത് ഒരു കുറവായി നിയമസഭയിൽ അവതരിപ്പിക്കുന്നതു ശരിയല്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇതോടെയാണ് ജലീൽ ഖേദം പ്രകടിപ്പിക്കാൻ തയാറായത്.