ഡർബൻ: വംശീയാധിക്ഷേപ ആരോപണത്തിൽ മാപ്പുപറഞ്ഞ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനോട് ക്ഷമിക്കുന്നതായി ദക്ഷിണാഫ്രിക്കൻ നായകൻ ഫഫ് ഡുപ്ലസിസ്. ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറഞ്ഞതിനാൽ തങ്ങൾക്കു പരാതിയില്ലെന്നും വിഷയം എങ്ങനെ പരിഹരിക്കണം എന്നത് ഐസിസിയുടെ പരിഗണനയിലാണെന്നും ഡുപ്ലസിസ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ ആൻഡിലെ ഫെലുക്വായുടെ അമ്മയെയും, താരത്തിന്റെ നിറത്തിന്റെ പേരിലും സർഫ്രാസ് പരിഹസിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം. സർഫ്രാസിന്റെ വാക്കുകൾ സ്റ്റംപ് മൈക്കിൽ വ്യക്തമായി പതിഞ്ഞു.
സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി സർഫ്രാസ് രംഗത്തെത്തി. ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമർശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്നും സർഫ്രാസ് ട്വിറ്ററിൽ എഴുതി. താൻ ഏവരെയും ബഹുമാനത്തോടെയാണ് സമീപിക്കുന്നതെന്നും ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ ടീം ഇതേവരെ പരാതി നൽകിയിട്ടില്ലെങ്കിലും ഐസിസി സ്വമേധയാ വിഷയം പരിഗണിക്കുന്നുണ്ട്.