കൊച്ചി: ചലച്ചിത്രനിർമാതാക്കൾക്കെതിരേ നടത്തിയ ‘മനോരോഗി’ പരാമർശത്തിൽ മാപ്പു പറഞ്ഞു നടൻ ഷെയ്ൻ നിഗം. പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നൽകണമെന്നും കാണിച്ചു ഷെയ്ൻ നിഗം താരസംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർക്കു കത്തു നൽകി.
തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മനഃപൂർവമല്ല പരാമർശം നടത്തിയതെന്നും കത്തിൽ പറയുന്നു. ഷെയ്ൻ അയച്ച കത്തു കിട്ടിയതായി പ്രൊഡ്യൂസേഴ്സ് കൗണ്‍സിൽ അധ്യക്ഷൻ എം.രഞ്ജിത്ത് പറഞ്ഞു.
അതേസമയം, ഷെയ്ൻ കത്തു നൽകിയാലും തുടർനടപടി ഉടനുണ്ടാവില്ല എന്നാണ് സൂചന. ജനുവരിയിൽ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ നടക്കുന്നുണ്ട്. ഇതിനു ശേഷമേ ഷെയ്ൻ വിഷയത്തിൽ ഭാവിനടപടി മുന്നോട്ടുനീങ്ങൂ.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണു നിർമാതാക്കൾക്കെതിരെ ഷെയ്ൻ നിഗം വിവാദപരാമർശം നടത്തിയത്.ഷെയ്നുമായി സഹകരിക്കേണ്ടെന്ന നിർമാതക്കളുടെ തീരുമാനം പിൻവലിക്കാൻ താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഷെയ്നിന്റെ പരാമർശം. ഇതോടെ ചർച്ചകൾ വഴിമുട്ടി.
കഴിഞ്ഞ ഒന്നര മാസത്തിലേറെയായി താരം സിനിമകളിൽ അഭിനയിക്കുന്നില്ല. ഇതിനിടെ ഷൂട്ടിംഗ് കഴിഞ്ഞ ഉല്ലാസം സിനിമയുടെ ഡബിംഗ് 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്ൻ നിഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.