വാഷിംഗ്ടണ്‍: ഡേറ്റ ചോർച്ച വിവാദത്തിൽ യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്‍പാകെ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് അപേക്ഷിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിൽ ഞങ്ങൾക്ക് വലിയ തെറ്റ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും സുക്കർബർഗ് സെനറ്റ് ജുഡീഷറി ആൻഡ് കൊമേഴ്സ് കമ്മിറ്റിക്കു മുന്‍പാകെ പറഞ്ഞു.
വ്യാജ വാർത്തകൾ, തെരഞ്ഞെടുപ്പുകളിലെ ഇടപെടൽ എന്നിവയിൽ കന്പനി വേണ്ടത്ര ജാഗ്രത കാട്ടിയില്ല. ഫേസ്ബുക്ക് തെരഞ്ഞെടുപ്പുകളെ മാനിക്കുന്നുവെന്നും സുക്കർബർഗ് പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിനെ കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിനായി കന്പനി അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ലബോറട്ടറീസ് (എസ്സിഎൽ) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവും അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിൽനിന്നു കൈവശപ്പെടുത്തി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തിയിരുന്നത്. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉൾപ്പെടെ ഈ വിവരങ്ങൾ ഉപയോഗിച്ചതായി വെളിപ്പെട്ടതോടെയാണ് ഫേസ്ബുക്ക് വിവാദത്തിലാകുന്നത്.