കാഞ്ഞങ്ങാട്: ജൈവ വൈവിധ്യങ്ങളാൽ സന്പന്നമായ ഗുരുവനം കുന്നിനെ നെടുകെ പിളർന്ന് റോഡ് നിർമിക്കാനുള്ള നീക്കത്തിനെതിരേ ജനരോഷം ശക്തമായി. സ്വാമി നിത്യാനന്ദൻ തപസുചെയ്ത ഗുരുവനം കുന്നിലെ നിത്യാനന്ദ ആശ്രമത്തിന് ഭീഷണിയുയർത്തിക്കൊണ്ടാണ് ഭൂമാഫിയകളുടെ നേതൃത്വത്തിൽ റോഡ് നിർമിക്കാൻ നീക്കം നടക്കുന്നത്.കാഞ്ഞങ്ങാട് നഗരസഭയെയും മടിക്കൈ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിധത്തിൽ എട്ടുകോടി രൂപ ചെലവിലാണ് റോഡ് നിർമിക്കാൻ നീക്കം തുടങ്ങിയത്.
ജനവാസം പോലും ഇല്ലാത്ത ഇവിടെ കുന്നു പിളർന്ന് റോഡുണ്ടാക്കുന്നത് ചില രാഷ്ട്രീയ നേതാക്കളുടെ സ്വാർഥതയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മട്ടന്നൂർ സ്വദേശിയുടെ പേരിൽ 10 ഏക്കറും മറ്റു ചില വ്യക്തികൾക്കും ബിനാമികൾക്കും ഭൂമിയുള്ളതായി രേഖകളിൽ കാണുന്നു. ബാക്കിയുള്ള സ്ഥലങ്ങൾ റവന്യൂ ഭൂമിയാണ്. ഭരണ കക്ഷി രാഷ്ട്രീയ പാർട്ടി നേതാക്കളുടെ കണ്ണൂർ ലോബിയാണ് ഇപ്പോൾ ആവശ്യമില്ലാത്ത റോഡ് നിർമാണത്തിന് വേണ്ടി പരിശ്രമിക്കുന്നത്.150 മീറ്ററിലധികം കുന്നിടിച്ച് സ്വാകാര്യ വ്യക്തി നേരത്തെ റോഡ് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ കൂടിയാണ് മടിക്കൈ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന നിർദിഷ്ഠ റോഡ് നിർമിക്കാനിരിക്കുന്നത്.
1.900 കീലോമീറ്റർ റോഡിനാണ് എട്ടു കോടി രൂപയുടെ ബജറ്റ്. വർഷങ്ങൾക്ക് മുന്പ് മടിക്കൈ പഞ്ചായത്തിന്റെ ഭരണ സമിതിയിൽ ചർച്ചയ്ക്കെടുത്തെങ്കിലും അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് തലസ്ഥാനത്ത് നിന്നാണ് നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കി അനുമതി നേടിയെടുത്തത്.
കാഞ്ഞങ്ങാട് നിന്ന് മടിക്കൈ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന അരയി, കാർത്തിക, അടുക്കത്തുപറന്പ് റോഡ് ചുരുങ്ങിയ ചിലവിൽ നവീകരിക്കാമെന്നിരിക്കെ ഗുരുവനം കുന്നിനെ പിളർന്നുകൊണ്ട് പുതിയ റോഡുണ്ടാക്കുന്നത് രാഷ്ട്രീയ നേതാക്കൾക്കും ഭൂമാഫിയകൾക്കും വേണ്ടിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.സർക്കാരിന്റെയും വിവിധ പദ്ധതികൾ ഈ കുന്നിൽ മുകളിൽ വരാനുണ്ടെന്നും അതിനുവേണ്ടിയാണ് റോഡ് നിർമിക്കുന്നതെന്നുണ് മറുപക്ഷം പറയുന്നത്.
വികസനത്തിന്റെ മറവിൽ വനപ്രദേശമായ കുന്നിടിക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. റോഡ് നിർമാണവുമായി അധികൃതർ മുന്നോട്ടുപോകുന്പോൾ പ്രതിഷേധവുമായി നാട്ടുകാരും പ്രകൃതി സ്നേഹികളും രംഗത്തിറങ്ങി. റോഡ് നിർമാണത്തിനെതിരേ ഗുരുവനത്തും പരിസരങ്ങളിലും വ്യാപകമായ പോസ്റ്ററുകളും ബോർഡുകളും ഉയർന്നിട്ടുണ്ട്.