ഇരിങ്ങാലക്കുട: മാപ്രാണം തിയറ്ററിനു സമീപം ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഒളിവിലായ കൂട്ടുപ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്ന പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയും വർണ തിയറ്റർ നടത്തിപ്പുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നടുപുരയ്ക്കൽ സഞ്ജയ് രവി(45) അറസ്റ്റിലായതോടെയാണ് കൂട്ടുപ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചത്.
തിയറ്ററിലെ ജീവനക്കാരായ രണ്ടാം പ്രതി പറപ്പൂക്കര രാപ്പാൾ സ്വദേശി കള്ളായിൽ വീട്ടിൽ തക്കുടു എന്നു വിളിക്കുന്ന അനീഷ്, മൂന്നാം പ്രതി പാഴായി സ്വദേശി കൊപ്പാട്ടിൽ വീട്ടിൽ ഗോകുൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർ നിരീക്ഷണ വലത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
കൊലപാതകം നടന്ന ശേഷം കേരളം വിട്ട പ്രതികൾ സ്വന്തം ഫോണ് ഉപയോഗിച്ചില്ല. പലരുടെയും ഫോണുകളിൽ നിന്നാണ് വീട്ടുക്കാരെയും അഭിഭാഷകരെയും ബന്ധപ്പെട്ടിരുന്നത്. കേരളം വിട്ട ഇവർ മേട്ടുപാളയം ബാറിൽ തങ്ങി. പോലീസ് പിന്തുടരുന്നുണ്ടെന്നു മനസിലായതോടെ കാർ ഇവിടെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.
ബാംഗ്ളൂരിൽ സഞ്ജയ് രവിയുടെ കൂടെ രണ്ട് ദിവസം ഭാര്യ ഉണ്ടായിരുന്നതായി സൂചനകളുണ്ട്. ബാംഗ്ലൂർ ഡെന്റൽ കോളജിലെ ഒരു യുവതിയുടെ സഹായത്തോടെ മൈസൂരിലും കൂർഗിലും ബാംഗ്ളൂരിലും മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ സഹായിച്ച യുവതിയെ പോലീസ് തിരിച്ചറിഞ്ഞീട്ടുണ്ട്.
ഒടുവിൽ തൃശൂരിലെ അഭിഭാഷകന്റെ വീട്ടിലേക്ക് സഞ്ജയ് യാത്ര തിരിക്കുകയായിരുന്നു. കോയന്പത്തൂരിൽ വച്ച് കൂട്ടുപ്രതികളായ അനീഷും ഗോകുലും വഴിമാറുകയായിരുന്നു. സഞ്ജയ് രവിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.