ഇരിങ്ങാലക്കുട: വാഹന പാർക്കിംഗ് പ്രശ്നത്തെ ചൊല്ലി മാപ്രാണത്ത് ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും സംസ്ഥാനം വിട്ടതായി സൂചന. അറസ്റ്റിലായ നാലാം പ്രതി മണികണ്ഠനെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച് കൂടുതൽ സൂചന ലഭിച്ചത്.
തിയേറ്റർ നടത്തിപ്പുകാരൻ ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ നടുപുരയ്ക്കൽ സഞ്ജയ് രവി, തിയേറ്ററിലെ ജീവനക്കാരായ പറപ്പൂക്കര രാപ്പാൾ സ്വദേശി കള്ളായിൽ വീട്ടിൽ തക്കുടു എന്നു വിളിക്കുന്ന അനീഷ്, ഗോകുൽ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. നാലാം പ്രതി മണികണ്ഠനെ സംഭവ ദിവസം തന്നെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി പാഴായി സ്വദേശി ഗോകുൽ പോലീസിന്റെ കസ്റ്റഡിലുള്ളതായി സൂചനയുണ്ട്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികൾ വാളയാർ വഴിയാണ് കേരളം വിട്ടതെന്നാണ് കരുതുന്നത്. അന്യസംസ്ഥാനങ്ങളിൽ പ്രതികൾ സ്വാധീനിക്കാവുന്ന കേന്ദ്രങ്ങളും ഒളിവിൽ താമസിക്കാവുന്ന സ്ഥലങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്.
കസ്റ്റഡിയിലുണ്ടെന്ന് കരുതുന്ന ഗോകുലിന്റെ അറസ്റ്റ് അടുത്ത ദിവസമുണ്ടായേക്കും എന്ന സൂചനയും പോലീസ് പറയുന്നുണ്ട്. അന്വേഷണം ഉൗർജിതമാണെന്നും മുഖ്യ പ്രതിയും കൂട്ടാളികളും ഉടൻ പിടിയിലാകുമെന്നു മാത്രമാണ് പോലീസ് വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന സൂചന.