സ്വന്തം ലേഖകൻ
കൊച്ചി: ഇന്നലെ കാലം ചെയ്ത മധ്യപ്രദേശിലെ സീറോ മലബാർ രൂപത സത്നയുടെ പ്രഥമ മെത്രാൻ മാർ ഏബ്രഹാം ഡി.മറ്റത്തിന്റെ (97) സംസ്കാരകർമം 24നു രാവിലെ 9.30നു സത്ന സെന്റ് വിൻസന്റ് കത്തീഡ്രലിൽ നടക്കും. എറണാകുളം ലിസി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം 22ന് ഇടപ്പള്ളിയിലെ വിൻസൻഷ്യൻ ജനറലേറ്റിൽ പൊതുദർശനത്തിനു വയ്ക്കും. ഇവിടെ സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം നടത്തും. ചൊവ്വാഴ്ച വിമാനമാർഗം മൃതദേഹം സത്നയിലേക്കു കൊണ്ടുപോകും.
വിൻസൻഷ്യൻ സന്യാസസമൂഹാംഗമായ (വി.സി) മാർ മറ്റം കൊച്ചി ഇടപ്പള്ളിയിലെ ജനറലേറ്റിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സുവർണജൂബിലി പിന്നിട്ട സത്ന രൂപതയിൽ എട്ടു വർഷം എക്സാർക്കായും 23 വർഷം മെത്രാനായും മാർ ഏബ്രഹാം മറ്റം സേവനം ചെയ്തിട്ടുണ്ട്. പാലാ രൂപതയിലെ നരിയങ്ങാനം ഇടവകയിൽ മറ്റം ദേവസ്യ-അന്ന ദന്പതികളുടെ എട്ടു മക്കളിൽ ആറാമനായി 1922 നവംബർ 21 നാണു ജനനം.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1941 ൽ വിൻസൻഷ്യൻ സന്യാസ സമൂഹത്തിനായി എറണാകുളം മൈനർ സെമിനാരിയിൽ ചേർന്നു വൈദിക പരിശീലനം ആരംഭിച്ചു. മംഗലപ്പുഴ സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. 1950 മാർച്ച് 15 നു മാർ അഗസ്റ്റിൻ കണ്ടത്തിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
പ്രൊക്യുറേറ്റർ, വൈക്കം നടേൽ പള്ളി വികാരി എന്നീ ചുമതലകൾക്കുശേഷം 1954 ൽ റോമിൽ ഉപരിപഠനം. ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു 1958 ൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് അങ്കമാലിയിലെ വിൻസൻഷ്യൻ മൈനർ സെമിനാരിയുടെയും 1960 ൽ വിൻസൻഷ്യൻ വിദ്യാഭവന്റെയും റെക്ടറായി. തൊടുപുഴയിലുള്ള വിൻസൻഷ്യൻ ആശ്രമത്തിലെ സുപ്പീരിയർ, ജനറൽ കൗണ്സിലർ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.
പുതുതായി രൂപീകരിച്ച സത്ന മിഷന്റെ എക്സാർക്കായി 1968 ജൂലൈ 29 നു നിയോഗിക്കപ്പെട്ടു. സത്ന രൂപതയാക്കപ്പെട്ടപ്പോൾ പ്രഥമ മെത്രാനായി. 1977 ഏപ്രിൽ 30നായിരുന്നു സ്ഥാനാരോഹണം. 2000 ജനുവരി 14നു രൂപതയുടെ ചുമതലയിൽ നിന്നൊഴിഞ്ഞു. ഏതാനും വർഷം സത്നയിൽ ചെലവഴിച്ചശേഷം 2013 മുതൽ വിൻസൻഷ്യൻ സന്യാസ സമൂഹത്തിന്റെ ഇടപ്പള്ളിയിലുള്ള ജനറലേറ്റിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഇടപ്പള്ളി എംഎജെ ആശുപത്രിയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സത്ന മുൻ മെത്രാൻ മാർ മാത്യു വാണിയക്കിഴക്കേൽ, വിൻസൻഷ്യൻ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. പരേതരായ ദേവസ്യ, മേരി, ജോസഫ്, സിസ്റ്റർ ഹെലൻ, സ്കറിയ, ഏലിക്കുട്ടി, മറിയക്കുട്ടി എന്നിവരാണു സഹോദരങ്ങൾ.