പത്തനംതിട്ട: ജനഹൃദയത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാഷണപാടവം, നര്‍മപ്രധാനമായ ആവിഷ്കരണ ശൈലി, ആശയഗാംഭീര്യം എന്നിവയിൽ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അപൂര്‍വമായ വരപ്രസാദത്താല്‍ അനുഗൃഹീതനായിരുന്നു.
ഈ മേഖലയില്‍ അദ്ദേഹത്തിനു പകരക്കാരനായി മറ്റൊരാളില്ലെന്നുതന്നെ പറയാം.
എക്കാലവും നൂതന ആശയങ്ങളെ സ്വയംവരിക്കുന്ന അദ്ദേഹം ഏതു സദസിനെയും അസാധാരണായ വാക്ചാതുര്യംകൊണ്ട് കീഴടക്കിയിരുന്നു.
ആധ്യാത്മിക മേഖലകളില്‍ മാത്രമല്ല, മതേതര സാംസ്കാരിക കൂട്ടായ്മകളില്‍ ഇത്രയേറെ ശ്രദ്ധേയനായ മറ്റൊരാള്‍ കേരളത്തില്തന്നെയുണ്ടായിരുന്നില്ല.
പ്രസാദാത്മകത്വമാണ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ സ്ഥായിഭാവം. വാക്കുകളിലും കര്‍മങ്ങളിലും പ്രസാദഭാവം നിറയുന്ന പ്രഭാഷണമാണ് മുഖ്യമായും അദ്ദേഹത്തിന്റെ ആശയാവിഷ്കാര മാധ്യമം.
നര്‍മം വിതറുന്ന വാക്കുകള്‍ സംഭാഷണങ്ങളിലും പ്രഭാഷണങ്ങളിലും സ്വാഭാവികമായും പ്രസാദം വിതറുന്നു.
ഇതോടൊപ്പം ഭരണരംഗത്തു ധീരവും സുദൃഢവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പാടവം ഏറെ പ്രശംസ പിടിച്ചുപറ്റി.
വൈദിക പാരമ്പര്യമുള്ള കുമ്പനാട് അടങ്ങപ്പുറത്ത് കലമണ്ണില്‍ കുടുംബമാണ് മാര്‍ ക്രിസോസ്റ്റത്തിന്റേത്.
മാര്‍ത്തോമ്മാ സഭയില്‍ വൈദിക പാരമ്പര്യമുള്ള അടങ്ങപ്പുറത്ത് കലമണ്ണില്‍ റവ. കെ.ഇ. ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി നടുക്കേവീട്ടില്‍ കുടുംബാംഗമായ ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ജനനം.
മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ ഗ്രാമങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ആലുവ യൂണിയന് ക്രിസ്ത്യന്‍ കോളജില്‍ നിന്നു ബിഎ ഡിഗ്രി സമ്പാദിച്ചു.
സുവിശേഷ പ്രവര്‍ത്തനത്തില്‍ ജീവിത സാഫല്യം തേടിയ ഫിലിപ്പ് ഉമ്മന്‍ യുവാവായിരിക്കുമ്പോള്‍ അങ്കോലയില്‍ മിഷനറി പ്രവര്‍ത്തനത്തിനു സ്വയം സമര്‍പ്പിതനായി. കര്‍ണാടകയിലെ സുവിശേഷവേല ഒരു പ്രതിസന്ധിയില്‍ എത്തിനില്‍ക്കുന്ന കാലഘട്ടമായിരുന്നു ഇത്.
1940 മുതല്‍ 42 വരെ അങ്കോലയില്‍ പ്രവര്‍ത്തിച്ചശേഷം ബാംഗളൂര്‍ യുടി കോളജില്‍ ദൈവശാസ്ത്ര പഠനം നടത്തി. 1944 ജനുവരി ഒന്നിനു ശെമ്മാശപട്ടവും ജൂണ്‍ മൂന്നിനു വൈദികപട്ടവും സ്വീകരിച്ചു.
വൈദികനായി പഠനം തുടര്‍ന്നതിനൊപ്പം ബാംഗളൂര്‍ മാര്‍ത്തോമ്മാ ഇടവകയിലെ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി.
അങ്കോലയില്‍ മടങ്ങിയെത്തി സുവിശേഷവേലയില്‍ വ്യാപൃതനായി. പിന്നീടു നാട്ടിലെത്തി കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം സെന്റ് പീറ്റേഴ്സ്, തിരുവനന്തപുരം ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു.
1953 മേയ് 20നു റവ. ഡോ. എം.ജി.ചാണ്ടി, റവ. പി.തോമസ് എന്നിവരോടൊപ്പം റവ. ഫിലിപ്പ് ഉമ്മന്‍ മാര്‍ത്തോമ്മാ സഭയുടെ മേല്പട്ട (എപ്പിസ്കോപ്പ) സ്ഥാനത്തേക്കു തെരഞ്ഞെടുത്ത് റമ്പാനായി വാഴിച്ചു.
മേയ് 23നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. സ്വര്‍ണനാവുകാരനായ ജോണ്‍ ക്രിസോസ്റ്റത്തിന്റെ പേരില്‍ കേരളീയ സഭയില്‍ ഒരാള്‍ മേല്പട്ടക്കാരനാകുന്നത് ഇദംപ്രഥമമായിട്ടായിരുന്നു.
ഈ നാമധേയം എന്തുകൊണ്ടും തനിക്ക് അനുയോജ്യമെന്നു പില്ക്കാല ചരിത്രത്തിലൂടെ മാര്‍ ക്രിസോസ്റ്റം തെളിയിച്ചു.
തനതായ ശൈലിയിലൂടെ അദ്ദേഹം പടുത്തുയര്‍ത്തിയ ബന്ധങ്ങളും ജീവിതക്രമവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നാവിന്തുമ്പില് നിന്നുള്ള വാക്കുകള്‍ക്കു സ്വര്‍ണത്തിന്റെ മേന്മ തന്നെയുണ്ടായി.
ഭരണരംഗത്തും അദ്ദേഹത്തിന്റെ കാലഘട്ടം ശ്രദ്ധിക്കപ്പെട്ടതായിരുന്നു. എപ്പിസ്കോപ്പയായി സ്ഥാനാഭിഷിക്തനായ ശേഷം ഭദ്രാസന ഭരണം ഏല്ക്കുന്നതിനു മുമ്പായി ഉപരിപഠനത്തിനു ഇംഗ്ലിലെ കാന്റര്‍ബറിയിലെ സെന്റ് അഗസ്റ്റിന് കോളജില്‍ ചേര്‍ന്നു. നാട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം 1954ല്‍ കുന്നംകുളം ഭദ്രാസനത്തിന്റെ അധിപനായി ചുമതലയേറ്റു.
ഇതോടൊപ്പം മാര്‍ത്തോമ്മാ വൈദികസെമിനാരി പ്രിന്‍സിപ്പലിന്റെ ചുമതലയും നിര്‍വഹിച്ചു.
സഭയുടെ മിഷണറി ബിഷപ്പെന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതായി. മിഷന് ഫീല്‍ഡുകളില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
അടൂര്‍ – കൊട്ടാരക്കര, തിരുവനന്തപുരം – കൊല്ലം, അടൂര്‍ – മാവേലിക്കര, റാന്നി – നിലയ്ക്കല്‍, ചെങ്ങന്നൂര്‍ – തുമ്പമണ്‍, നിരണം – മാരാമണ്‍ ഭദ്രാസനങ്ങളുടെ അധിപനായി മാര്‍ ക്രിസോസ്റ്റം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെസിസി, എന്‍സിസിഐ എന്നിങ്ങനെ സഭാ കൂട്ടായ്മവേദികളുടെ അമരക്കാരനായിരുന്നു.
1978 മേയില്‍ സഭയുടെ സഫ്രന്‍ മെത്രാപ്പോലീത്തയായി. 1999 മാര്‍ച്ച് 15ന് ഒഫിഷിയേറ്റിംഗ് മെത്രാപ്പോലീത്തയും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി. 2018ല്‍ അദ്ദേഹത്തെ രാഷ്ട്രം പത്മഭൂഷണ്‍ നല്കി ആദരിച്ചു.