പത്തനംതിട്ട: കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭകളില്‍ ദീര്‍ഘകാലം മെത്രാപ്പോലീത്തയായിരിക്കാനുള്ള ഭാഗ്യം ലഭിച്ച യുഗപുരുഷനാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. പേരുകൊണ്ടും അര്‍ഥം കൊണ്ടും അദ്ദേഹം കേരള സഭകള്‍ക്കു വലിയ തിരുമേനിയായിരുന്നു.
സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നു വിരമിച്ച വിശ്രമജീവിതത്തിനായി തെരഞ്ഞെടുത്ത കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അദ്ദേഹം വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു.
ശൈശവത്തിന്റെ ഹൃദയം നഷ്ടപ്പെടുത്താതെ ശതാബ്ദിയുടെ പടിവാതില്‍ക്കല്‍വരെ എത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മനഃപൂര്‍വമായി ആരെയും ദ്രോഹിക്കാതെ അറിവും ദയയും ഒത്തിണങ്ങിയ ആള്‍രൂപമായി വര്‍ത്തിച്ചു.
ശരീരവലിപ്പത്തിനൊപ്പമുള്ള ഹൃദയ വിശാലത കൈമുതലാക്കി. ഇത്തരത്തില്‍ എല്ലാം മാര്‍ ക്രിസോസ്റ്റം മഹാന്മാരുടെ ഗണത്തില്‍ തന്നെയാണ്.
പാവപ്പെട്ടവനോടൊപ്പമായിരുന്നു തിരുമേനി എക്കാലവും. അരമനകളില്‍ ആര്‍ക്കും കയറിയിറങ്ങാനുള്ള സ്വാതന്ത്ര്യം.
സഭയുടെ മെത്രാപ്പോലീത്തയായിരിക്കുമ്പോള്‍ തിരുവല്ല പട്ടണത്തില്‍ ഇറങ്ങി ഭിക്ഷക്കാരുടെ കുട്ടികളെ വിളിച്ചുകൊണ്ടു വന്ന് ക്രിസ്തുമസിന് സദ്യവിളമ്പാന്‍ കാട്ടിയ താത്പര്യം. ഇതിലൂടെ അദ്ദേഹം കുട്ടികളുമായി വളര്‍ത്തിയെടുത്ത ചങ്ങാത്തം.
അതിലെ ഒരു കുട്ടിയെ പിന്നീട് ലോട്ടറി വില്പനക്കാരനാക്കി മാറ്റുകയും അവന്റെ സമ്പാദ്യവും തിരുമേനിയുടെ കരുതലും കൂടിച്ചേര്‍ന്ന് അവനുണ്ടാക്കിയ വീടിന്റെ പാലുകാച്ചിനു മുഖ്യാതിഥിയായി പങ്കെടുത്തതുമെല്ലാം ആ മനസിന്റെ വിശാലത വിളിച്ചോതുന്നു. ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍.
തോട്ടപ്പുഴശേരിയിലെ ഓട്ടോറിക്ഷക്കാര്‍ക്ക് ബാങ്കുവായ്പ നിഷേധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി ഒരുലക്ഷം രൂപയുടെ ഒരു നിക്ഷേപം ബാങ്കില്‍ നടത്തി ആവശ്യക്കാര്‍ക്കു വായ്പ കൊടുക്കാന്‍ ജാമ്യം നിന്ന തിരുമേനി കര്‍ഷകന്റെ ശബ്ദമായിരുന്നു.
തന്നെ സമീപിച്ച മുസ്ലിം പെണ്‍കുട്ടിക്ക് വിദ്യാഭ്യാസത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്ത് ആ കുട്ടിയെ ജീവിതത്തിലേക്കു കൈപിടിച്ച മാര്‍ ക്രിസോസ്റ്റത്തിന്റെ ഹൃദയ വിശാലത മതങ്ങള്ക്കപ്പുറമായിരുന്നു.
നൂറു വയസുവരെയും കപ്പയെയും കാച്ചിലിനെയും വാഴയെയും പരിപാലിക്കാന്‍ അദ്ദേഹത്തിനായി. തന്റെ താമസസ്ഥലങ്ങളിലെല്ലാം കൃഷിയിടം വികസിപ്പിച്ചെടുത്തു. ഒപ്പം കര്‍ഷകര്‍ക്കു കൈത്താങ്ങായി.
മാര്‍ത്തോമ്മാ സഭയുടെ ഉടമസ്ഥതയിലുള്ള തരിശുനിലങ്ങള്‍ കൃഷിക്കായി നല്കി മാതൃക കാട്ടി. വിശക്കുന്നവര്‍ക്ക് അദ്ദേഹം കൈത്താങ്ങായി.
എവിടെയായാലും ഭക്ഷണം കഴിക്കാതെ ആരും ഉണ്ടാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
മാതാ അമൃതാനന്ദമയിയുടെ പ്രവര്‍ത്തനങ്ങളെ തിരുമേനിയെ അംഗീകരിച്ചു തുടങ്ങിയത് ഇതുവഴിയാണ്.
വിശക്കുന്നവര്‍ക്ക് ആഹാരം നല്കുകയെന്നതിനായിരിക്കണം പ്രഥമ പരിഗണനയെന്നു സഭാവേദികളില്‍ തിരുമേനി ഉദ്ബോധിപ്പിച്ചു. വിശക്കുന്നവനു സുവിശേഷം വിളമ്പിയിട്ടു കാര്യമില്ലെന്നും അദ്ദേഹം കണ്ടെത്തി.
മീല്‍സ് ഓണ്‍ വീല്‍സ് എന്ന പേരില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുമായി ചേര്‍ന്ന് മാര്‍ ക്രിസോസ്റ്റം രൂപം കൊടുത്ത പദ്ധതി എത്രയോ മാതൃകാപരം.
ഉച്ചഭക്ഷണം ഇല്ലാത്തവരെ കണ്ടെത്തി അവര്‍ക്കു ഭക്ഷണം എത്തിക്കുന്നതിനായി അദ്ദേഹം ഒരു വാഹനം വാങ്ങി കുടുംബശ്രീക്കാരെ ഏല്പിച്ചു.
അവര്‍ പാചകം ചെയ്യുന്ന ഭക്ഷണം കുറഞ്ഞ നിരക്കില്‍ ഇന്നു കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും മറ്റുമെത്തുന്ന സാധാരണക്കാര്‍ക്കു ഉപകാരപ്പെടുന്നു. നിര്‍ധനര്‍ക്കു ഭക്ഷണം എത്തിച്ചു നല്‍കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
വീടില്ലാത്തവരായി ആരുമുണ്ടാകരുതെന്ന സ്വപ്നം പ്രാവര്‍ത്തികമാക്കാന്‍ മാര്‍ ക്രിസോസ്റ്റം തുനിഞ്ഞിറങ്ങിയ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്.
മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്ന നിലയില്‍ അദ്ദേഹം ഇതിനായി വലിയൊരു പ്രോജക്ട് സഭയെക്കൊണ്ട് ഏറ്റെടുപ്പിച്ചു.
തന്റെ നവതി സ്മാരകമായി 1,500 വീടുകളാണ് സഭ പണിതു നിര്‍ധന ജനവിഭാഗത്തിനു നല്‍കിയത്. ഔദ്യോഗിക ചുമതലയില്‍ നിന്നു വിരമിച്ച മെത്രാപ്പോലീത്ത കോഴഞ്ചേരിയെയും സമീപ പഞ്ചായത്തുകളെയും ഭവനരഹിതര്‍ക്കായുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയുള്ള പദ്ധതികള്‍ക്കു തിരുമേനി കൈത്താങ്ങു നല്കി. വിദേശമലയാളികളെയും ബന്ധപ്പെടുത്തി ഭവനനിര്‍മാണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രിമാര്‍ അടക്കമുള്ളവരുടെ സഹായം മെത്രാപ്പോലീത്ത അഭ്യര്‍ഥിച്ചു.
സഭാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച മെത്രാപ്പോലീത്ത സമൂഹത്തിന്റെ കാവല്‍ക്കാരനായി മാറുകയായിരുന്നു. അദ്ദേഹം പിന്നീടു നടത്തിയ സേവന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഏറെയാണ്.
സഭയുടെ ശുശ്രൂഷയില്‍ കരുതലും സ്നേഹവും അടിസ്ഥാനമാകണമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റേത്. മാര്‍ ക്രിസോസ്റ്റത്തിന്റെ കാഴ്ചപ്പാടില്‍ സമൂഹത്തെ കൂടാതെ ഒരു കൂദാശയും പൂര്‍ത്തീകരിക്കപ്പെടുന്നില്ല എന്നതായിരുന്നു.
ക്രിസ്തുവിന്റെ സ്നേഹം സകലര്‍ക്കും നല്‍കാനുള്ളതാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ജാതിമത ചിന്തകളോ സഭാ വ്യത്യാസമോ ഒന്നും അദ്ദേഹത്തില്‍ പ്രതിഫലിച്ചില്ല.
നന്മ എവിടെക്കണ്ടാലും അതിനെ സ്വീകരിക്കാന്‍ അദ്ദേഹം താത്പര്യം കാട്ടി. യാത്രകളിലൂടെ സ്നേഹം പകര്‍ന്നു. പരസ്പരം അംഗീകരിക്കാന്‍ യാതൊരു മടിയുമുണ്ടായില്ല.
സത്തയില്‍ നിന്ന് അകന്നുപോയ ആചാരങ്ങളെ സാരാംശത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ യേശു പരിശ്രമിച്ചു. അന്യന്റെ നന്മയെ തന്റെ ജീവിതത്തിലേക്കും കൊുവരാന്‍ തിരുമേനി ശ്രമിച്ചു.
സുവിശേഷവത്കരണത്തിനും അദ്ദേഹത്തിന്റേതായ കാഴ്ചപ്പാട് ഇതിലൂടെ വളര്‍ന്നുവന്നു. അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോള്‍ അതില്‍ നര്‍മം കൂടിക്കലരുമെന്നതിനാല്‍ അത് അംഗീകരിക്കാന്‍ പറ്റാത്തവര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.
ഇതിലൂടെ മാര്‍ ക്രിസോസ്റ്റം സമൂഹത്തെ ചിന്തിപ്പിച്ചു. നാം ചിരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളിലെ അര്‍ഥതലങ്ങള്‍ കാണാന്‍ പലപ്പോഴും കഴിഞ്ഞതുമില്ല.
ജീവിതം മുഴുവന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യനെന്നു തിരുമേനി പലപ്പോഴും പറയുമായിരുന്നു. പഠനം ജീവിതത്തിലൂടെയാണെന്ന ഗാന്ധിയന്‍ തത്വചിന്ത അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.
ഓരോ ദിവസവും ജീവിതം തനിക്കു പുത്തന്‍ അറിവുകളാണ് സമ്മാനിച്ചുകൊണ്ടിരുന്നതെന്നു മാര്‍ ക്രിസോസ്റ്റം ചൂണ്ടിക്കാട്ടിയിരുന്നു. ജീവിതാനുഭവങ്ങളിലൂടെ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു തിരുമേനി.
ഇത്തരം അനുഭവങ്ങളിലൂടെ മാര്‍ ക്രിസോസ്റ്റം പലപ്പോഴും അനുസ്മരിക്കാറുള്ള ഒരു സംഭവമുണ്ട്.
ഒരിക്കല്‍ ഒരു സാധു സ്ത്രീ അദ്ദേഹത്തെ കാണാനെത്തി. അവര്‍ക്കു പത്തു രൂപയുടെ ആവശ്യമാണുണ്ടായിരുന്നത്.
അവരോടു തിരുമേനി പറഞ്ഞു എനിക്ക് അപ്പനില്ല, അമ്മയില്ല, ഭാര്യയില്ല, മക്കളില്ല… അങ്ങനെയുള്ള എന്നോട് എന്തിനാണ് പണം ആവശ്യപ്പെടുന്നത്. നിങ്ങളുടെ കൈയില്‍ ഉള്ളത് എനിക്കു താ.
ഉടന്‍ അവര്‍ കൈയിലിരുന്ന പണക്കിഴി അഴിച്ചിട്ടു പറഞ്ഞു തിരുമേനിക്ക് ഇഷ്ടമുള്ളത് എടുത്തുകൊള്ളുക. ഞാന്‍ കൈനീട്ടി ഒരു രൂപ എടുത്തു. പക്ഷേ ഈ സംഭവത്തിലൂടെ വലിയൊരു പാഠം ഞാന്‍ പഠിച്ചു.
ഒരു സാധുസ്ത്രീ പത്തുരൂപ ചോദിച്ചപ്പോള്‍ താനെന്തിനാണ് തന്റെ ജീവചരിത്രം അവരോടു പറഞ്ഞത്. പത്തുപൈസ നല്കാതിരിക്കാനാണ്.
അതിന് അവര്‍ തനിക്കെതിരേ പ്രതികരിച്ചതും ഭംഗിയായി. ചുമതല നിര്‍വഹിക്കാന്‍ മനസില്ലാതെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു രക്ഷപെടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി തിരുമേനി ഈ സംഭവത്തെ പല വേദികളിലും വിവരിച്ചു.
ബിജു കുര്യന്