കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോ ലിക് അഡ്മിനിസ്ട്രേറ്ററായി മാർ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി ഇന്നു സ്ഥാനമേൽക്കും. ഇന്നുച്ചകഴിഞ്ഞു മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്താ ദിക്വാത്രോയുടെ സാന്നിധ്യത്തിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക.
അതിരൂപതയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണു ഫ്രാൻസിസ് മാർപാപ്പ മാർ മനത്തോടത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരിക്കുന്നത്. ഇന്നലെ റോമൻ സമയം ഉച്ചയ്ക്കു 12നു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30 നു കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്തം അദ്ദേഹം തുടർന്നും വഹിക്കും.
എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പായി സീറോ മലബാർസഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരും. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന സംജ്ഞയോടു ചേർത്തു പറഞ്ഞിരിക്കുന്ന സെഡേ പ്ലേന (sede plena) എന്ന ലത്തീൻ ഭാഷയിലുള്ള പ്രയോഗം വഴി അർഥമാക്കുന്നത് ഇതാണ്: ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും ബിഷപ് മാർ ജോസ് പുത്തൻവീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററാകും നിർവഹിക്കുന്നത്.
നിലവിലുള്ള അതിരൂപത ആലോചനാസംഘം, സാന്പത്തികകാര്യസമിതി, വൈദികസമിതി, അജപാലനസമിതി തുടങ്ങിയവയുടെ പ്രവർത്തനം അഡ്മിനിസ്ട്രേറ്റർ നിയമനത്തോടെ സസ്പെൻഡ് ചെയ്യപ്പെട്ടു. എന്നാൽ, അഡ്മിനിസ്ട്രേറ്റർക്ക് ഈ സമിതികൾക്ക് മാറ്റംവരുത്തുകയോ അവ പുനഃസംഘടിപ്പിക്കുകയോ ചെയ്തു പ്രവർത്തനക്ഷമമാക്കാൻ അധികാരം ഉണ്ട്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വളമംഗലത്ത് 1947 ഫെബ്രുവരി 22 നാണ് മാർ മനത്തോടത്തിന്റെ ജനനം. പരേതരായ കുര്യനും കത്രീനയുമാണു മാതാപിതാക്കൾ. അതിരൂപതയിലെ വിവിധ ശുശ്രൂഷകൾ നിർവഹിച്ചിട്ടുള്ള ഇദ്ദേഹം 1992 നവംബർ 28ന് അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായി. 1996 നവംബർ 11നു പാലക്കാട് രൂപതയുടെ മെത്രാനായി നിയമിതനായി. ഇപ്പോൾ സിബിസിഐ ഹെൽത്ത് കമ്മീഷൻ അംഗം, സീറോ മലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ എന്നീ നിലകളിലും ശുശ്രൂഷ ചെയ്യുന്നു.
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാർ ജേക്കബ് മനത്തോടത്ത് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം ഇന്നലെ വൈകുന്നേരം എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിലെത്തി പ്രാർഥന നടത്തി. തുടർന്നു മേജർ ആർച്ച്ബിഷപ്സ് ഹൗസിലെത്തിയ അദ്ദേഹത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, കൂരിയ അംഗങ്ങൾ എന്നിവർ ചേർന്നു സ്വീകരിച്ചു. അതിരൂപതയുടെ കൂട്ടായ്മയിൽ പുതിയ ശുശ്രൂഷ ഫലപ്രദമായി നിർവഹിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു മാർ മനത്തോടത്ത് പറഞ്ഞു.