കോട്ടയം: സാന്പത്തിക സംവരണവുമായി ബന്ധപ്പെട്ടു ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം ചർച്ചയാകുന്നു.
യുഡിഎഫിനെതിരെയും മുസ്ലിം ലീഗിനെതിരെയും രൂക്ഷവിമർശനം ലേഖനത്തിലുണ്ട്. ദീപികയിലെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്.
സാന്പത്തിക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥത എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലീഗ് സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ല.
ലീഗിന്റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു. ഈ വിഷയത്തിൽ അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുർബലമായോ എന്നും ആർച്ച്ബിഷപ് ചോദിക്കുന്നു.
സംവരണ വിഷയത്തിൽ ഇന്നു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേരാനിരിക്കെയാണ് ലേഖനം പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ യുഡിഎഫ് നിർബന്ധിതമാകുമെന്നു കരുതുന്നു.
എംഎൽഎമാരുടെ മേൽ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്നും മാർ പെരുന്തോട്ടം വിമർശിച്ചിട്ടുണ്ട്. യുഡിഎഫിന്റെ വെൽഫയർ പാർട്ടി സഖ്യത്തിനെതിരെയും വിമർശനമുണ്ടായി.
മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശ് പോലും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളെ കഠിന ശിക്ഷകൾക്കു വിധേയരാക്കിയിട്ടുള്ളതാണ്. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാർക്ക് എങ്ങനെ അംഗീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, സംവരണ വിഷയത്തിൽ ബിജെപിയുടെയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും ഇടപെടലുകളെ ആർച്ച്ബിഷപ് എടുത്തുപറയുകയും ചെയ്തു. ബിജെപിയും കമ്യൂണിസ്റ്റ് പാർട്ടിയും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുത്തെന്ന് അദ്ദേഹം പറഞ്ഞു.
മാർ ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനം ഇവിടെ വായിക്കാം.