കൊട്ടിയൂർ വിശുദ്ധ സെബസ്ത്യാനോസിന്റെ ഇടവകയിലെ പ്രിയ ബഹുമാനപ്പെട്ട അസേന്തിയച്ചന്മാർക്കും സമർപ്പിത സഹോദരിമാർക്കും ഡീക്കനും പ്രിയപ്പെട്ട എല്ലാ ഇടവകാംഗങ്ങൾക്കും നമ്മുടെ കർത്താവിൽ ആശിർവാദം. കർത്താവിനാൽ ഏറെ സ്നേഹിക്കപ്പെട്ടവരും അവിടുത്തെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ടവരുമായ പ്രിയപ്പെട്ട മാതാപിതാക്കളേ സഹോദരീ സഹോദരന്മാരേ, മക്കളേ,
വിശുദ്ധ പത്രോസ് ശ്ലീഹ സഭയിലെ നേതാക്കളെ ഇപ്രകാരം ഓർമപ്പെടുത്തുന്നു, “”ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദൃക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയിൽ ഞാൻ നിങ്ങളുടെ ഇടയിലെ ശ്രേഷ്ഠന്മാരെ ഉപദേശിക്കുന്നു. നിങ്ങളെ ഏൽപിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ. അതു നിർബന്ധം മൂലമാകരുത്. ദൈവത്തെപ്രതി സന്മനസോടെ ആയിരിക്കണം. ലാഭേച്ഛയോടെ ആയിരിക്കരുത്. തീക്ഷ്ണതയോടെ ആയിരിക്കണം. അജഗണത്തിന്റെ മേൽ ആധിപത്യം പുലർത്തിക്കൊണ്ടായിരിക്കരുത്. സന്മാതൃക നൽകിക്കൊണ്ടായിരിക്കണം. ഇടയന്മാരുടെ തലവൻ പ്രത്യക്ഷപ്പെടുന്പോൾ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങൾക്കു ലഭിക്കും.” (1 പത്രോ. 5:1-14).
നിങ്ങളുടെ പ്രിയപ്പെട്ട ഇടവകയിലുണ്ടായ അനിഷ്ട സംഭവങ്ങൾ ഓർത്തപ്പോൾ എന്റെ മനസിലേക്ക് ഓടിയെത്തിയത് ഈ തിരുവചനങ്ങളാണ്. പ്രിയമുള്ളവരേ, കർത്താവിന്റെ തെരഞ്ഞെടുപ്പ് ദുരുപയോഗം ചെയ്തവരും അവിടുത്തെ ശിഷ്യന്മാരുടെ ഇടയിൽ ഉണ്ടായിരുന്നു. എന്തുകൊണ്ട് ദൈവം അത് അനുവദിച്ചു എന്നത് നമുക്കു മനസിലാക്കാൻ പറ്റാത്ത രഹസ്യമാണ്. എങ്കിലും ദൈവത്തോട് നിരന്തരം നമ്മൾ ചേർന്നുനിൽക്കാൻ പരിശ്രമിക്കണം എന്ന് നമുക്കുള്ള ഓർമപ്പെടുത്തലാണത്.
ആ ഇടവകയിൽ നിങ്ങളുടെ വികാരിയച്ചനുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ചും എനിക്കിതേ പറയാനുള്ളൂ. ഈ നിധി മൺപാത്രങ്ങളിലാണ് ദൈവം നൽകിയിരിക്കുന്നത്. ശ്രദ്ധിച്ച് എപ്പോഴും മുറുകെപ്പിടിച്ചില്ലെങ്കിൽ അത് താഴെ വീണ് ഉടഞ്ഞെന്നു വരാം. അതിന് ഓരോ വ്യക്തിയും ദൈവതിരുമുന്പിൽ ഉത്തരം പറയണം. നിങ്ങളുടെ വേദന ഞാൻ പൂർണമായും ഉൾക്കൊള്ളുന്നു. അത് എന്റെയും ദുഃഖമാണ്. എല്ലാം നമുക്കു ദൈവസമക്ഷം സമർപ്പിക്കാം. ഈ നോന്പുകാലം ഇപ്രകാരം ചെലവിടണം എന്നതാണ് കർത്താവിന്റെ തിരുവുള്ളം എന്നു ഞാൻ മനസിലാക്കുന്നു. ദൈവത്തിന്റെ പക്കൽനിന്ന് അദ്ദേഹത്തിനു മാപ്പ് ലഭിക്കട്ടെ. അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കാം. എന്താണോ അവിടുത്തെ ഇഷ്ടം നടപ്പിലാകട്ടെ.
പ്രിയപ്പെട്ട അസേന്തിയച്ചന്മാരും സമർപ്പിത സഹോദരിമാരും വൈദികജീവിതത്തെ കാംക്ഷിച്ചുകൊണ്ട് അവിടെ പരിശീലനത്തിനെത്തിയ ബഹുമാനപ്പെട്ട ഡീക്കനും ബഹുമാനപ്പെട്ട കൈക്കാരന്മാരും കമ്മിറ്റിക്കാരും സംഘടനാ ഭാരവാഹികളും ദേവാലയ ശുശ്രൂഷികളും മറ്റ് എല്ലാവരും എന്തു പറയണം, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഇതികർത്തവ്യതാമൂഢരായി കഴിയുകയാണ് എന്നെനിക്കറിയാം. നിങ്ങളുടെ സങ്കടത്തിൽ ഞാനും പങ്കുചേരുന്നു. നമ്മൾ ഈ സാഹചര്യത്തിലും അടിപതറാതെ നിൽക്കണം. വിശ്വാസം വ്യതിചലിക്കാതിരിക്കട്ടെ. നിങ്ങളുടെ ദൗത്യനിർവഹണം അനുസ്യൂതം തുടരണം. നിങ്ങൾക്ക് മാർഗനിർദേശിയും സഹായിയുമായി ഫൊറോനാ വികാരിയായ ബഹുമാനപ്പെട്ട മണക്കുന്നേലച്ചനെ നിങ്ങളുടെ താത്കാലിക വികാരിയായി ഞാൻ നിയമിക്കുകയാണ്. അദ്ദേഹം നിങ്ങളെ എല്ലാക്കാര്യങ്ങളിലും സഹായിക്കും.
തന്റെ സൂക്ഷത്തിന് ഏൽപിക്കപ്പെട്ടിരുന്ന അജഗണം സൂക്ഷിപ്പുകാരന്റെതന്നെ അതിക്രമത്തിന് ഇരയായി എന്നത് നമുക്കാർക്കും ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമല്ല. ഇവിടെ ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തുപറഞ്ഞ് ഞാൻ ആശ്വസിപ്പിക്കും? പ്രിയപ്പെട്ടവരെ, നിങ്ങളെ ഞാൻ ദൈവസമക്ഷം സമർപ്പിച്ച് പ്രാർഥിക്കുന്നു. നിങ്ങളുടെ കണ്ണീര് ദൈവം കാണുന്നുണ്ട്. ആ കണ്ണീരോടുകൂടി എന്റെയും ഞാൻ ചേർക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ, മാപ്പ്. ഒരിക്കലും നികത്താൻ പറ്റാത്ത നഷ് ടത്തിലും വിശ്വാസജീവിതത്തിൽ അടിയുറച്ച് നിൽക്കുന്ന നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമേറിയ ഈ പ്രതിസന്ധിയെ അതിജീവിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കട്ടെ. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനു നിങ്ങളെ ഞാൻ ഭരമേൽപിക്കുന്നു. നമ്മുടെ ഇടവകയെയും നിങ്ങളെ ഓരോരുത്തരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. കർത്താവിന്റെ കൃപ നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
മാനന്തവാടി രൂപതാ കാര്യാലയത്തിൽനിന്ന് 2017 ഫെബ്രുവരി മാസം 28-ന് നൽകപ്പെട്ടത്.