തൃശൂർ: തൃശൂർ താലൂക്കിലെ 296ഓളം വരുന്ന റേഷൻ കടകളിൽ പലതിലും ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് എത്താത്തതിനാൽ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഓൾകേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തൃശൂർ താലൂക്ക് കമ്മിറ്റി യോഗം വ്യക്തമാക്കി.
മാർച്ച് മാസത്തെ വിതരണം 15നുള്ളിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് കീഴ്വഴക്കം. പക്ഷേ കഴിഞ്ഞ അഞ്ചു മാസമായി ഇതിനു മാറ്റം സംഭവിച്ചിരിക്കുകയാണ്. ദിനംപ്രതി 16 ലോറികളിൽവരെ സ്റ്റോക്ക് കൊണ്ടുവന്നാൽ മാത്രമേ സമയബന്ധിതമായി 15-ാം തിയതിക്കുള്ളിൽ സാധനങ്ങൾ എത്തിക്കാൻ സാധിക്കൂ. എന്നാൽ ദിവസം അഞ്ചു ലോറികളും പത്താം തിയതിക്കുശേഷം എട്ടു ലോറികളും മാത്രമാണ് നൽകുന്നത്.
സപ്ലൈകോയിൽ ആവശ്യത്തിന് ജീവനക്കാരും കയറ്റിറക്ക് തൊഴിലാളികളും സിഡബ്ല്യുസിയിൽ നാലു ലോറികളിൽ ഒരേ സമയം ലോഡ് കയറ്റാൻ സാഹചര്യവുമുണ്ടായിട്ടും കോണ്ട്രാക്ടർ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
പൊതുവിതരണം സുഗമമമായി നടത്തുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കർശന നടപടികൾ ഉണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
പൊതുവിതരണ രംഗം ശക്തമാക്കണം: അസോസിയേഷൻ
തൃശൂർ: ഭക്ഷ്യധാന്യങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും സ്റ്റോക്ക് വിതരണം സമയബന്ധിതമാക്കണമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വർക്കിംഗ് പ്രസിഡന്റ് ജോയ് താക്കോൽക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.ഷിജീർ റിപ്പോർട്ടവതരിപ്പിച്ചു. കെ.കെ.ചന്ദ്രൻ, കെ.എൻ.ഡേവിസ്, കെ.എ.മൊയ്തീൻ, കെ.വി.ദിനേശൻ, എ.ഡി.ആന്റോ, ജിബി തോമസ്, കെ.വേണു, ഫ്രാൻസിസ് ചെമ്മണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.