സ്വന്തം ലേഖകൻ
തൃശൂർ: സന്യാസവും പൗരോഹിത്യവും അടക്കമുള്ള നന്മയുടെ പ്രതീകങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ കൂട്ടായ്മയിലൂടെ അതിജീവിക്കണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള അനുമോദന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മാർ താഴത്തിനും സമ്മേളനത്തിൽ അനുമോദനങ്ങൾ അർപ്പിച്ചു.
ദൈവജനത്തിന്റെ കൂട്ടായ്മയിലൂടെയും പങ്കാളിത്തത്തിലൂടേയും ഏതു വെല്ലുവിളികളേയും അതിജീവിക്കാനാകുമെന്ന് മറുപടിപ്രസംഗത്തിൽ മാർ ടോണി നീലങ്കാവിൽ.
കേക്ക് മുറിച്ച് ആർച്ച്ബിഷപ് മാർ താഴത്തും മാർ നീലങ്കാവിലും പരസ്പരം മധുരം നൽകി. അനുമോദനവുമായി ജനപ്രതിനിധികളും വൈദികരും സന്യസ്തരും അല്മായ നേതാക്കളും എത്തിയിരുന്നു. മാർ ജേക്കബ് തൂങ്കുഴി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, മാർ ഒൗഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പ, വികാരി ജനറാൾമാരായ മോണ്‍. ജോർജ് കോന്പാറ, മോണ്‍. തോമസ് കാക്കശേരി, ഫാ. ജോസ് കോനിക്കര, സിസ്റ്റർ ലിറ്റിൽ മേരി എഫ്സിസി, ഡോ. മേരി റജീന, എ.എ. ആന്റണി, അനൂപ് പുന്നപ്പുഴ എന്നിവർ പ്രസംഗിച്ചു. അപ്പസ്തോലിക് നുണ്‍ഷ്യോയുടെ സന്ദേശം ഫാ. നൈസൻ ഏലന്താനത്ത് വായിച്ചു.