സ്വന്തം ലേഖകൻ
തൃശൂർ: ലോകത്തെ ഇക്കിളി വാർത്തകളിലേക്ക് ചുരുക്കുന്ന കാലമാണിതെന്നും പൊടിപ്പും തൊങ്ങലും ഏച്ചുകെട്ടി വാർത്തകൾകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. സമൂഹത്തിലെ അപച്യുതികളെ മുതലാക്കുന്ന സ്ഥിതയാണ് ഇന്നുള്ളത്.
എല്ലാറ്റിനേയും വിൽപനച്ചരക്കാക്കുന്ന കാലമാണിത്. മക്കളെ വളർത്തുന്നതുപോലും നിക്ഷേപമായി കാണുന്ന ഇക്കാലത്ത് മാധ്യമങ്ങൾ സത്യത്തിന്റെ പ്രഘോഷകരാകണമെന്നും അദ്ദേഹം പറഞ്ഞു. മേരിവിജയം സാഹിത്യോത്സവവും അവാർഡ് സമർപ്പണവും സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ പ്ലാനിംഗ് ബോർഡ് മെന്പർ സി.പി. ജോണ് ന്ധമാധ്യമങ്ങൾ വിൽപ്പനച്ചരക്കോ?’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. എത്ര കോപ്പിയുണ്ടെന്നുള്ളതോ എത്ര പ്രേക്ഷകരുണ്ടെന്നുള്ളതോ അല്ല മറിച്ച് ജനങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്നത് നൻമയുടെ സന്ദേശമാണോ എന്നതാണ് പ്രധാനമെന്ന് സി.പി.ജോണ് അഭിപ്രായപ്പെട്ടു.
അസത്യത്തെ സത്യമായി വ്യാഖ്യാനിക്കുന്ന പ്രവണതയാണ് മാധ്യമങ്ങൾക്കുള്ളത്. വെറുപ്പിന്റെയും കപടദേശീയതയുടേയും വിദ്വേഷ നിർമാണത്തിന്റെയും കേന്ദ്രങ്ങളായി മാധ്യമങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. റിപ്പബ്ലിക് ടിവി തന്നെ ഇതിനുദാഹരണമാണെന്ന് സി.പി.ജോണ് ചൂണ്ടിക്കാട്ടി.
ഡോ. സി.കെ. തോമസ് മോഡറേറ്ററായി. ബ്രദർ വിക്ടർ കളന്പുകാട്ട് എംഎംബി മുഖ്യാതിഥിയായി. അനുമോദനച്ചടങ്ങിൽ മേരിവിജയം മാനേജിംഗ് എഡിറ്റർ ബ്രദർ ജയിംസ് കാരിക്കാട്ടിൽ എംഎംബി അധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിയുന്ന മേരിവിജയം ചീഫ് എഡിറ്റർ ഫാ. ജിയോ പയ്യപ്പിള്ളി, വ്രതവാഗ്ദാന സുവർണ ജൂബിലി ആഘോഷിക്കുന്ന ബ്രദർ മരിയാൻ പതിയാപറന്പിൽ എംഎംബി എന്നിവരെ ആദരിച്ചു.
മേരിവിജയം സാഹിത്യമത്സരത്തിലെ വിജയികൾക്ക് എബ്രഹാം ചാക്കോ പുളിമൂട്ടിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
പത്മശ്രീ ഡോ. എം. ലീലാവതി ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, ഡോ.പി. ഭാനുമതി, റവ.ഡോ. തോമസ് കാടങ്കാവിൽ സിഎംഐ എന്നിവർക്കു മേരിവിജയം അവാർഡുകൾ സമ്മാനിച്ചു.
മേരി വിജയം സാഹിത്യ സമിതി സെക്രട്ടറി ജോയ് എം മണ്ണൂർ, പേളി ജോസ്, ബേബി മൂക്കൻ, ഡേവീസ് കണ്ണനായ്ക്കൽ, ബ്രദർ എഡ്വിൻ കുറ്റിക്കൽ എംഎംബി, പ്രഫ.വി.എ.വർഗീസ്, ജോണ്സണ് ആലപ്പാട്ട്, ചീഫ് എഡിറ്റർ റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ, മേരിവിജയം സാഹിത്യ സമിതി പ്രസിഡന്റ് അലക്സാണ്ടർ സാം, ട്രഷറർ ജോണ്സണ് ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു. പബ്ലിസിറ്റി കമ്മിറ്റി കണ്വീനർ ഫ്രാങ്കോ ലൂയിസ് നന്ദി പറഞ്ഞു