പുനലൂർ: ജില്ലയുടെ കിഴക്കൻ മേഖലയിൽ മരച്ചീനി വില വീണ്ടും ഉയർന്നു. മുൻപ് കിലോയ്ക്ക് 30-35 വരെ എത്തിയിരുന്നത് കഴിഞ്ഞ മൂന്നു മാസക്കാലം വില 15 രൂപയായി കൂപ്പുകുത്തിയിരുന്നു.
കേരളത്തിലെ പ്രളയകാലം ഏറ്റവും വലിയ നാശനഷ്ടം സംഭവിച്ച കൃഷിയിനം മരച്ചീനിയാണ്. ദിവസങ്ങളോളം കയറിയ വെള്ളം ഇറങ്ങാതെ നിന്നതും ഒഴുക്കിലും മറ്റുമായി വ്യാപകമായ കൃഷി നാശവുമാണ് ഉണ്ടായത്. ഇതിൽ ലക്ഷങ്ങളുടെ നഷ്ടവും കർഷകർക്ക് ഉണ്ടായി. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ ഉള്ളതും വെള്ളക്കെട്ട് കാര്യമായി നാശം വിതയ്ക്കാത്തതുമായ പ്രദേശങ്ങളിലെ മരച്ചീനിയാണ് ഇന്ന് മാർക്കറ്റുകളിൽ എത്തുന്നത്.
ഇതിന് കിലോയ്ക്ക് 30 രൂപയാണ് ഇന്നലത്തെ വില. ഇനിയും ഉയരുമെന്നും പറയുമ്പോഴും കർഷകർ മരച്ചീനി കൃഷിയ്ക്ക് വേണ്ടുന്ന പ്രാധാന്യം നൽകുന്നില്ല. വയൽകൃഷിയിൽ വാഴയ്ക്ക് ആണ് കർഷകർ പ്രാമുഖ്യം നൽകുന്നത്. മുൻപ് മൊത്ത കച്ചവടക്കാർ മൂട് ഒന്നിന് എന്ന നിലയിൽ വില നിശ്ചയിച്ചിരുന്നതും ഇല്ലാതായി. ഇത്തരത്തിൽ ഈ വർഷം മരച്ചീനി കൃഷി ഏറെ ഇല്ലാതിരുന്നതും വില ഏറാൻ കാരണമായി.
വ്യാപകമായി മരച്ചിനി കൃഷി ചെയ്തിരുന്ന ഏലാ കൾ വാഴകൃഷിക്കൊപ്പം മറ്റ് ചെറുകൃഷി കളിലേയ്ക്ക് ശ്രദ്ധയൂന്നിയതും ഈ മേഖലയെ പിന്നോട്ടടിക്കുമ്പോഴും കരവാളൂരിലെ ഒരു പറ്റം കർഷകർ മരച്ചീനി കൃഷി കാര്യമായ തോതിൽ ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. പാട്ടത്തിനെടുത്ത നെൽ വയലിൽ പണ കോരി മരച്ചിനി നടുവാൻ ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.