നെടുമങ്ങാട്: മരച്ചീനിയിൽ ഉണ്ടാകുന്ന വേര് ചീയൽ രോഗത്തിനെതിരേ പുത്തൻ പരീക്ഷണ വിജയവുമായി കൃഷി വിജ്ഞാന കേന്ദ്രമായ മിത്രനികേതൻ.
വേര് ചീയൽ രോഗത്തിനെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ തിരുവനന്തപുരം ജില്ലയിലുള്ള കർഷകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഐസിഎആർ മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം പ്രദർശനങ്ങൾ സംഘടിപ്പിച്ചു.
കൃഷി തുടങ്ങുന്നതിനു മുന്പുതന്നെ മണ്ണിന്റെ അമ്ലത ക്രമീകരിക്കുന്നതിനോടൊപ്പം മരച്ചീനിയുടെ ചുവട്ടിൽ ഒരു കിലോ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച വേപ്പിൻപിണ്ണാക്ക് ചാണകപ്പൊടി മിശ്രിതം ചേർത്താണ് പരീക്ഷണം നടത്തിയത്.
തുടർന്ന് 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് വീതം ചുവട്ടിൽ ഇട്ടു കൊടുക്കുന്നു. ഇത്തരത്തിൽ കൃഷി ചെയ്ത വെള്ളനാട് മോഹനൻ നായരുടെ കൃഷിയിൽ വിജയം കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
മരിച്ചീനി പൊട്ടിപ്പോകാതെ വിളവെടുക്കുക എന്ന പ്രശ്നത്തിനും പരിഹാരമുണ്ടാക്കിയതായി മിത്രനികേതൻ അധികൃതർ വിശദമാക്കി.
മരച്ചീനി അനായാസം പിഴുതെടുക്കാൻ പ്രത്യേകം തയാറാക്കിയ ഉപകരണവും മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം പ്രദർശിപ്പിച്ചു.
കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. വെള്ളനാട് കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.പി. അനീഷ്, ബിന്ദു ആർ. മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.