കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടർന്നു പൊളിക്കുന്ന മരടിലെ ആൽഫ സെറീൻ ഫ്ളാറ്റ് സമുച്ചയത്തിലും സ്ഫോടക വസ്തുക്കൾ നിറച്ചു തുടങ്ങി. മൂവാറ്റുപുഴയിലെ വെടിമരുന്നു ശാലയിൽ നിന്ന് 400 കിലോ സ്ഫോടക വസ്തുക്കൾ ഇന്നു പുലർച്ചെ ഇവിടെ എത്തിച്ചു.
ഡെപ്യൂട്ടി ചീഫ് കണ്ട്രോളർ ഓഫ് എക്സ്പ്രോസീവ്സ് ഡോ. ആർ. വേണുഗോപാലിന്റെ നേതൃത്വത്തിലാണു സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നത്. വിവിധ നിലകളിലായി തൂണുകളിൽ പ്രത്യേകം സജീകരിച്ച ദ്വാരങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കും. നാല് ദിവസത്തിനുള്ളിൽ ഇതിന്റെ പണികൾ പൂർത്തിയാക്കുമെന്നു വേണുഗോപാൽ പറഞ്ഞു.
അതേസമയം ഹോളിഫെയ്ത്ത് എച്ച്ടുഒയിലും ജെയിൻ കോറലിലും സ്ഫോടക വസ്തുക്കൾ നിറച്ചു. ഹോളിഫെയ്ത്തിൽ ഏഴു നിലകളിലായി 1471 ദ്വാരങ്ങളിൽ 215 കിലോഗ്രാം സ്ഫോടക വസ്തുക്കളാണു നിറച്ചത്. ജെയിൻ കോറൽ കോവിൽ ഇന്നലെയോടെ നിറച്ചു തുടങ്ങി. 2060 ദ്വാരങ്ങളിൽ 400 കിലോ സ്ഫോടക വസ്തുക്കളാണു നിറയ്ക്കുന്നത്.
11,12 തീയതികളിലായാണ് നാല് ഫ്ളാറ്റ് സമുച്ചയങ്ങളും സ്ഫോടനത്തിലൂടെ തകർക്കുക. ഇതിനു മുന്നോടിയായുള്ള മോക്ക്ട്രിൽ 10-ാം തീയതി നടക്കും.
ഹോളി ഫെയ്ത്തിൽ രാവിലെ 11നും ആൽഫ സെറീൻ ഫ്ളാറ്റ് കെട്ടിടത്തിൽ രാവിലെ 11.05 ഓടെയുമാണ് സ്ഫോടനം നടത്താൻ തീരുമാനമെടുത്തിരിക്കുന്നത്. നേരത്തെ തീരുമാനിച്ച പ്രകാരം ആൽഫാ സെറീനിൽ 11.30 ആയിരുന്നു സ്ഫോടനം തീരുമാനിച്ചത്. എന്നാൽ ട്രാഫിക് നിയന്ത്രണം ഉൾപ്പടെയുള്ള കാര്യങ്ങൾ കണക്കിലെടുത്ത് സ്ഫോടനസമയം 25 മിനിറ്റ് നേരത്തേയാക്കി.
സ്ഫോടനത്തിലൂടെ ഫ്ളാറ്റുകൾ തകർക്കുന്പോൾ ഭൂമിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കാനായി ആൽഫ സെറീൻ ഫ്ലാറ്റുകൾക്കു ചുറ്റും കിടങ്ങുകൾ കുഴിക്കാൻ തുടങ്ങി. രണ്ടാം ടവറിലെ വീടുകളോടു ചേർന്ന ഭാഗത്താണു കിടങ്ങുകൾ. സ്ഫോടന ദിവസം രാവിലെ ഒൻപതിന് മുൻപു പരിസരത്തെ വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിക്കും. അരമണിക്കൂർ മുൻപു പരിസരത്തുള്ള ഇടറോഡുകളിലെ ഗതാഗതം തടയും.
നിരോധിത മേഖലയ്ക്കു പുറത്തു പോലീസ് തീരുമാനിക്കുന്ന സ്ഥലങ്ങളിൽ കാഴ്ചക്കാരെ അനുവദിക്കും. 200 മീറ്റർ ചുറ്റളവിൽ വൈദ്യുതി വിച്ഛേദിക്കും. സ്ഫോടനത്തിനു10 മിനിറ്റ് മുൻപ് ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചു വിടും.
സ്ഫോടനത്തിന് ഒരു മണിക്കൂർ മുൻപും അര മണിക്കൂർ മുൻപും 10 മിനിറ്റ് മുൻപും സൈറൻ മുഴക്കും. സ്ഫോടനം നടത്തിയ ശേഷവും സൈറൻ മുഴക്കും. സ്ഫോടനം നടക്കുന്ന സമയം ജനങ്ങൾക്കു മനസിലാകാനാണ് സൈറൻ മുഴക്കുന്നത്. സ്ഫോടനശേഷം പൊടി പൂർണമായി അടങ്ങിക്കഴിഞ്ഞ ശേഷമേ നാട്ടുകാരെ വീടുകളിലേക്കു തിരികെ വിടുകയുള്ളു.