കൊച്ചി: മരടില് തീരപരിപാലന നിയമം ലംഘിച്ചു ഫ്ളാറ്റ് നിര്മിച്ച കേസില് അറസ്റ്റിലായ ഫ്ളാറ്റ് നിര്മാതാവടക്കം മൂന്നു പ്രതികളെ ഇന്നു കോടതിയില് ഹാജരാക്കും. ഹാളി ഫെയ്ത്ത് ഫ്ളാറ്റ് നിര്മാണക്കമ്പനിയുടെ എംഡി സാനി ഫ്രാന്സിസ്, മുന് മരട് പഞ്ചായത്ത് സെക്രട്ടറി ആലപ്പുഴ സ്വദേശി മുഹമ്മദ് അഷറഫ്, മുന് ജൂണിയര് സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ മൂവാറ്റുപുഴ വിജിലന്സ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.
കേസില് കൂടുതല് അറസ്റ്റ് ഉടന് ഉണ്ടായേക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്കുന്ന സൂചന. ബന്ധപ്പെട്ട ആളുകളില്നിന്നു കൂടുതല് രേഖകള് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നു ക്രൈംബ്രാഞ്ച് അധികൃതര് അറിയിച്ചു. അറസ്റ്റിലായ മുഹമ്മദ് അഷ്റഫിനെയും ജോസഫിനെയും ചോദ്യംചെയ്യാന് വിളിച്ചുവരുത്തിയശേഷം കസ്റ്റഡിയില് എടുക്കുകയായിരുന്നു.
സാനി ഫ്രാന്സിസിനെ ഓഫീസില് എത്തിയാണ് കസ്റ്റഡിയിലെടുത്തത്. നാളെ ഹാജരാകണമെന്നു നേരത്തെ സാനി ഫ്രാന്സിസിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു മുമ്പുതന്നെ സാനിയെ കസ്റ്റഡിയില് എടുക്കുകയായിരുന്നു. മൂന്നു പേർക്കു പുറമെ മരട് പഞ്ചായത്തിലെ മുന് ക്ലാര്ക്ക് ജയറാമിനെയും കേസില് പ്രതിചേര്ത്തിട്ടുണ്ട്. ഇയാളെ ഉടന് കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
പൊളിക്കാന് തീരുമാനിച്ച മാറ്റൊരു ഫ്ളാറ്റായ ആല്ഫയുടെ നിര്മാതാവിനോട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്ന്ന് ഇദ്ദേഹം മുന്കൂര് ജാമ്യം തേടി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളെത്തേക്കു മാറ്റിയതിനാല് തനിക്കു സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ക്രൈംബ്രാഞ്ചിനു കത്ത് നല്കിയിട്ടുണ്ട്.