നിയമം ലംഘിച്ച് മരടില്‍ ഫ്ളാറ്റ് സമുച്ചയം കെട്ടിപ്പടുത്ത ശേഷം ഫ്ളാറ്റ് വാങ്ങിയവരെ നോക്കി കൊഞ്ഞനം കുത്തുന്ന നിര്‍മാതാക്കള്‍ക്കെതിരേ ഒരു ചെറു വിരലനക്കാന്‍ കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്നേവരെ തയ്യാറായിട്ടില്ല. ഫ്ളാറ്റ് നിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനു പിന്നിലുള്ളതെന്ന് ഏവര്‍ക്കും അറിയാമെങ്കിലും ഏതു വിധേന എന്നായിരുന്നു സംശയം. ഒരു വശത്ത് കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫ്ളാറ്റ് പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിക്കുമ്പോള്‍ ഭരണ കക്ഷിയായ സിപിഎം ആകട്ടെ സമരക്കാര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തുകയും ചെയ്തു. ഈ ഇരട്ടത്താപ്പ് എന്തിനെന്നറിയാതെ ജനം അന്തംവിടുമ്പോഴാണ് എല്ലാം പകല്‍ പോലെ വ്യക്തമാക്കുന്ന പുതിയ വിവരം പുറത്തു വന്നിരിക്കുന്നത്.
മരടില്‍ ഫ്ളാറ്റ് നിര്‍മിച്ച നിര്‍മാണകമ്പനികളിലൊന്നാണ് സര്‍ക്കാരിന്റെ ഭവന പദ്ധതിയ്ക്കു വേണ്ടിയും ഫ്ളാറ്റ് നിര്‍മിക്കുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതാണ് നിയമലംഘനത്തിനെതിരെ പ്രതികരിക്കാതെ നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുക്കുന്നതിനെ കുറിച്ച് അടക്കം ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാന്‍ ഇടയാക്കുന്ന സംഭവം. അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ജനനി പദ്ധതിയിലെ വമ്പന്‍ ഫ്ളാറ്റ് സമുച്ചയം എറണാകുളം പെരുമ്പാവൂരില്‍ പണിതുയര്‍ത്തുന്നത് മരടില്‍ കയ്യേറ്റം നടത്തിയ നിര്‍മാണ കമ്പനിയാണ്.
ജനനി പദ്ധതിയുടെ കീഴിലുള്ള പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ പോഞ്ഞാശേരി സ്കീമില്‍ 296 അപ്പാര്‍ട്മെന്റുകളാണ് ഈ വിവാദ നിര്‍മാണ കമ്പനി സര്‍ക്കാറിന് വേണ്ടി നിര്‍മ്മിക്കുന്നത്. 2017ലാണ് ഈ പദ്ധതി പ്രകാരം ഫ്ളാറ്റുകളുടെ നിര്‍മ്മാണം തുടങ്ങിയത്. ഇതില്‍ 74 ഫ്ളാറ്റുകളുടെ നിര്‍മ്മാണം പോലും ഇതേവരെ പൂര്‍ത്തിയായിട്ടില്ല. ബാക്കിയുള്ളവ പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കുന്ന അവസ്ഥയുമാണുള്ളത്. ഫ്ളാറ്റ് പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമി പിന്നിട് നിര്‍മ്മാണത്തിനായി ഇവര്‍ക്ക് കൈമാറുകയായിരുന്നു.
മരടിലെ താമസക്കാരെ കുടിയിറക്കാന്‍ നടപടി നിര്‍ദ്ദേശിച്ച ഇന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് സംസ്ഥാന സര്‍ക്കാരിന്റെ ഭവനം പദ്ധതിയുടെ ഡയറക്ടറായിരിക്കുമ്പോഴാണ് ഈ ബില്‍ഡേഴ്സിന് പദ്ധതിച്ചുമതല കൈമാറിയത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മുമ്പു തന്നെ ഉന്നതബന്ധം ഉണ്ടായിരുന്നോ എന്ന സംശയം ശക്തമാകുകയാണ്. കൊച്ചി മരടില്‍ നിയമംലംഘനം നടത്തി ഫ്ളാറ്റുകള്‍ പണിതുവിറ്റ ബില്‍ഡര്‍മാര്‍ തങ്ങള്‍ക്കിനി ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കൈകഴുകുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ആവശ്യമെങ്കില്‍ ബില്‍ഡര്‍മാരില്‍ നിന്ന് ഈടാക്കാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിലുണ്ടായിരുന്നു.
അതേസമയം മരടില്‍ നിയമം ലഘിച്ച ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കിന്നില്ലെന്ന ആക്ഷേപം ശക്തമായി നില നില്‍ക്കുകയാണ്. പണം മുടക്കി ഫ്ളാറ്റുകള്‍ വാങ്ങിയ ഉടമകളല്ല നിയമം ലഘിച്ച നിര്‍മ്മാതാക്കളാണ് കുറ്റക്കാര്‍ എന്നുള്ള വാദം തുടക്കം മുതല്‍ തന്നെ ശക്തമാണ്. നിര്‍മാതാക്കളില്‍ നിന്ന് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാമെന്ന് കോടതിയുടെ ഉത്തരവിലുമുണ്ടായിരുന്നു. എന്നിട്ടും ആരും ഇവരുടെ പേരു പറയാന്‍ പോലും തയ്യാറാകുന്നില്ല. ഫ്ളാറ്റ് ഉടമകളുടെ ഭാഗം കേള്‍ക്കാതെ കോടതി അവരെ വഴിയാധാരമാക്കി എന്ന രീതിയിലാണ് രാഷ്ട്രീയക്കാര്‍ കാര്യങ്ങള്‍ മുമ്പോട്ടു കൊണ്ടു പോകുന്നത്.
നിര്‍മ്മാതാക്കള്‍ക്കെതിരെ ഫ്ളാറ്റുടമകളും നിയമനടപടി സ്വീകരിച്ചിട്ടില്ല. ജയിന് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആല്‍ഫ വെന്‍ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കെ പി വര്‍ക്കി ആന്‍ഡ് വി എസ് ബില്‍ഡേഴ്സ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഹോളി ഹെറിറ്റേഡിന് നിര്‍മ്മാണാനുമതി ലഭിച്ചിരുന്നുവെങ്കിലും കെട്ടിടം നിര്‍മ്മിച്ചിരുന്നില്ല. സുപ്രീംകോടതി വിധി പ്രകാരം ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി നഗരസഭ നല്കിയ കുടിയൊഴിപ്പിക്കല്‍ നോട്ടീസിന്റെ സമയപരിധി അവസാനിച്ചിട്ടുണ്ട്.
പ്രശ്നത്തിലെ അവ്യക്തത നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം കേട്ടതിന് ശേഷം നിലപാട് സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. നിയമപ്രശ്നവും മാനുഷിക പ്രശ്നവുണ്ടെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് പറയാനാകില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരസ്യമായി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. 343 കുടുംബങ്ങളിലെ 1472 പേരെ ഒഴിപ്പിക്കണമെന്നാണ് നഗരസഭയുടെ കണക്ക്. 2008ല്‍ മൂലമ്പിള്ളിയില്‍ പാവപ്പെട്ടവരെ ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ച് ഉടുതുണിയ്ക്കു മറുതുണിയില്ലാതാക്കിയപ്പോള് ഒരു രാഷ്ട്രീയക്കാരും ഇടപെട്ടിരുന്നില്ലെന്നും മരടിലെ കോടീശ്വരന്മാരായ ഫ്ളാറ്റുടമകള്‍ക്ക് നല്കുന്ന പിന്തുണ ഒന്നാന്തരം പ്രഹസനമാണെന്നുമുള്ള അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.