കൊച്ചി: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍ നിന്നു കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.എച്ച്. നദീറ രാഷ്ട്രദീപികയോടു പറഞ്ഞു.
ഇന്ന് രാവിലെ 11 നാണ് യോഗം വിളിച്ചിരിക്കുന്നത്. സമയ പരിധി ഇന്നലെ സമാപിച്ചെങ്കിലും ഫ്ളാറ്റ് ഒഴിപ്പിക്കുന്നത് സംബന്ധിച്ച അടുത്ത ഘട്ടത്തെക്കുറിച്ച് സര്‍ക്കാര്‍ നിര്ദേശമനുസാരിച്ചായിരിക്കും തീരുമാനമുണ്ടാകുക. ഇതുവരെ സര്‍ക്കാരില്‍ നിന്നും യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. താമസക്കാരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കളക്ടറുമായി ചര്‍ച്ച നടത്തുന്നതെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. അതേ
സമയം നഗരസഭ നല്കിയ നോട്ടീസിനെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫ്ളാറ്റ് ഉടമകള്‍ അറിയിച്ചു.
ഫ്ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നാളെ തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്നത്തില്‍ തുടര്‍നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഫ്ളാറ്റിലെ താമസക്കാര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം.
അതേസമയം, ഫ്ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും കാണിച്ച് ഫ്ളാറ്റ് നിര്‍മാതാക്കള്‍ നഗരസഭയ്ക്ക് കത്തു നല്‍കിയത് താമസക്കാരെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ആല്‍ഫാ സെറിന്‍ ഫ്ളാറ്റിന്റെ നിര്‍മാതാക്കളായ ആല്‍ഫാ വെഞ്ചേഴ്സാണ് നഗരസഭയ്ക്ക് കത്ത് നല്‍കിയത്. ഫ്ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നേരത്തെ നഗരസഭ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്.
നോട്ടീസ് കാലാവധി അവസാനിച്ചതോടെ ഫ്ളാറ്റ് ഉടമകളുടെ കൂട്ടായ്മയായ മരട് ഭവനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയത്തിനും ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്മെന്റിനു മുന്നിലും ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം ശക്തമാക്കാനാണ് ഫ്ളാറ്റ് ഉടമകളുടെ നീക്കം. പ്രവൃത്തി സമയം നഗരസഭയ്ക്ക് മുന്നിലും ബാക്കി സമയങ്ങളില്‍ ഹോളി ഫെയ്ത്ത് ഫ്ളാറ്റിനു മുന്നിലുമായിരിക്കും സമരപരിപാടികൾ.
സമയപരിധി അവസാനിച്ചെങ്കിലും കിടപ്പാടം വിട്ട് ഇറങ്ങില്ലെന്ന നിലപാടിലാണ് താമസക്കാർ. ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി നിരവധി രാഷ്ട്രീയ പ്രമുഖര്‍ ഇന്നലെ എത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവര്‍ ഇന്നു രാവിലെ ഫ്ളാറ്റിലെത്തി ഉടമകളെ സന്ദര്‍ശിച്ചിരുന്നു. കൂടുതല്‍ പേര് ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.