കൊച്ചി: നിയന്ത്രിത സ്ഫോടനത്തിൽ പൊളിച്ചുകളഞ്ഞ മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾക്കു സമീപത്തെ താമസക്കാർ വീടുകളിലേക്ക് തിരികെ എത്തിത്തുടങ്ങി. സ്ഫോടന ദിവസം രാവിലെ ഒൻപതിന് മുൻപ് വീടുകളിൽ നിന്നും ഇവരെ ഒഴിപ്പിച്ചിരുന്നു. സ്ഫോടന സമയം പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്ന് നിർദേശിച്ചായിരുന്നു ആളുകളെ ഒഴിപ്പിച്ചത്.
മാത്രമല്ല ഇനിയുള്ള ദിവസങ്ങളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്പോൾ പൊടി ശക്തമായിരിക്കുമെന്നും മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി മൂന്ന് മാസത്തേക്ക് മറ്റെവിടെങ്കിലും മാറി താമസിക്കണമെന്നും ഇവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, അതൊന്നും വകവയ്ക്കാതെ ഇന്നലെ സ്ഫോടനത്തിന് ശേഷം പ്രദേശവാസികൾ ഒാരോരുത്തരായി സ്വഭവനങ്ങളിലേക്ക് മടങ്ങിയെത്തി തുടങ്ങി.
അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുടങ്ങുന്പോൾ പ്രദേശത്ത് വ്യാപിക്കുന്ന പൊടി ശ്വസിച്ച് മാരകമായ രോഗങ്ങൾ ഉണ്ടാകാതിരിക്കുന്നതിനാണ് മൂന്ന് മാസത്തേക്ക് മറ്റെവിടെങ്കിലും മാറി താമസിക്കണമെന്ന് നിർദേശിച്ചത്. പക്ഷെ പലരും ഇതിന് കൂട്ടാക്കുന്നില്ല. ഇന്നലെയും ശനിയാഴ്ച്ചയുമായി മരട് മേഖലയിൽ അന്തരീക്ഷത്തിൽ നേരത്ത പൊടിയുടെ അംശമുണ്ട്.
പ്രദേശത്ത് ഇന്നലെത്തന്നെ ജലദോഷവും പനിയും വ്യപിച്ചതായും പറയപ്പെടുന്നു. തകർന്ന ഫ്ളാറ്റുകൾക്കു സമീപമായി മുന്നൂറ് മീറ്ററിനുള്ളിലുള്ള എല്ലാ വീടുകളിലും പൊടി നിറഞ്ഞു. ഇന്നലെ വൈകിട്ടോടെ തന്നെ പൊടികൾ നീക്കം ചെയ്തു വീടുകൾ കഴുകി വൃത്തിയാക്കുന്നത് ആരംഭിച്ചു. വീടുപൂട്ടിപ്പോയ ധാരാളം പേർ ഇന്നും നാളെയുമായി മടങ്ങിയെത്തുകയേ ഉള്ളു. ഒഴിപ്പിച്ച ഫ്ളാറ്റുകളെ താമസക്കാരും എത്തിത്തുടങ്ങിയിട്ടേയുള്ളു.
വീട് ക്ലീൻ ചെയ്യുന്പോൾ മാസ്കും കൈയ്യുറയും നിർബന്ധമായി ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിഷ്കർഷിച്ചിട്ടുണ്ട്. പൊടി പറക്കുന്ന സാഹചര്യം ഒഴിവാക്കി വേണം ക്ലീനിംഗ് നടത്താൻ. എതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.