മരട്(കൊച്ചി): ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഏകദേശം പൂർത്തിയായതോടെ മരടിലെ ഫ്ളാറ്റു സമുച്ചയങ്ങളുടെ ഭാഗികമായ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. എല്ലാ ഫ്ളാറ്റ് സമുച്ചയങ്ങളിലും പോലീസ് സംഘത്തെ നിയോഗിച്ചു. നാലു ഫ്ളാറ്റ് സമുച്ചയങ്ങളിലെ അഞ്ച് ബഹുനില കെട്ടിടങ്ങളിലായി താമസിച്ചിരുന്ന വാടകക്കാരും ഉടമകളുമായ ഭൂരിഭാഗം പേരും ഒഴിഞ്ഞു പോയി.
ആകെ താമസക്കാരുണ്ടായിരുന്ന 328 ഫ്ളാറ്റുകളിലെ 245 കുടുംബങ്ങൾ ഒഴിഞ്ഞു പോയെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക്. സാധനങ്ങൾ മാറ്റാനും മറ്റും സമയം നീട്ടി നൽകാൻ അപേക്ഷ സമർപ്പിച്ചവർക്ക് അതിനുള്ള അനുമതി നൽകിയിട്ടുണ്ട്. ഉടമകൾ വിദേശത്തു താമസമാക്കിയതിനാൽ പൂട്ടിയിട്ടിരിക്കുന്ന അപ്പാർട്ടുമെന്റുകളുമുണ്ട്.
ഇവർ ഉടൻ നാട്ടിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇന്നലെ വരെ പുനരധിവാസത്തിന് അപേക്ഷ നൽകിയ 42 പേർക്ക് താമസ സൗകര്യം അനുവദിക്കുന്നതിന് നടപടി എടുത്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഫ്ളാറ്റ് സമുച്ചയങ്ങളിലെ വൈദ്യുതി ഉടൻ വിച്ഛേദിക്കില്ല എന്ന തീരുമാനം പലർക്കും ആശ്വാസമായി.
സാധനങ്ങൾ നീക്കാനും മറ്റുമായി ഓരോ ഫ്ളാറ്റു സമുച്ചയങ്ങളിലേക്കും 20 വീതം വോളണ്ടിയർമാരെ നഗരസഭ ഏർപ്പാടാക്കിയിട്ടുണ്ട്. സുരക്ഷാ ചുമതലയ്ക്ക് സ്വകാര്യ സുരക്ഷാ ജീവനക്കാർക്കൊപ്പം പോലീസും ഉണ്ടാവും. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഒൗദ്യോഗികമായി സമയം അവസാനിച്ചെങ്കിലും താമസക്കാരുടെ ആവശ്യം പരിഗണിച്ചു രാത്രി 12 വരെ നീട്ടിനൽകിയിരുന്നു.
മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണു പലരും വീട്ടുസാധനങ്ങളും മറ്റും ഫ്ളാറ്റിനു താഴെയെത്തിച്ചത്. ഫ്ളാറ്റിലെ ലിഫ്റ്റുകൾ ഇടയ്ക്കു പണിമുടക്കിയതും ഉടമകളെ വലച്ചു. താമസസ്ഥലം മാറുന്നതിന് അവസാനദിനംവരെ കാത്തുനിന്നത് ഉടമകൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
ഒഴിഞ്ഞുപോകാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചെങ്കിലും സാധനങ്ങൾ മാറ്റാൻ ഇനിയും കഴിയാത്തവർക്കു ഈ മാസം 11 വരെ സമയം നീട്ടിനൽകി. ഒഴിഞ്ഞുപോകാൻ രണ്ടാഴ്ച കൂടി സമയം നീട്ടിനൽകണമെന്നുള്ള താമസക്കാരുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണു തിടുക്കത്തിൽ ഒഴിഞ്ഞുപോകേണ്ട സാഹചര്യമുണ്ടായത്.
13 മുതൽ 19 വരെ നിലകളുള്ള കെട്ടിടങ്ങൾക്കു മുകളിൽനിന്നു സാധനങ്ങൾ പുറത്തിറക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു. ഫ്ളാറ്റ് ഉടമകളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പുറമേ സ്വകാര്യ ഏജൻസികളും സാധനങ്ങൾ പെട്ടിയിലാക്കുന്നതിനും വാഹനങ്ങളിൽ കയറ്റുന്നതിനും രംഗത്തുണ്ടായിരുന്നു. കയറിൽ കെട്ടിത്തൂക്കിയാണ് അലമാരകളും മറ്റും മുകളിൽനിന്നു താഴെയെത്തിച്ചത്.സാധനങ്ങൾ നീക്കുന്ന ജോലി നാലു ഫ്ളാറ്റുകളിലും രാത്രി വൈകിയും തുടർന്നു.