കൊച്ചി: മരടിലെ വിവിധ ഫ്ലാറ്റിൽ നിന്ന് വിലപിടിച്ച സാധനങ്ങള്‍ നീക്കം ചെയ്യുന്നതിന് ഉടമകൾക്ക് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇവ നീക്കിത്തുടങ്ങി. ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് മരട് നഗരസഭാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ മാറ്റാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകളില്‍ നിന്ന് മുഴുവന്‍ സാധനങ്ങളും നീക്കംചെയ്യുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് കാണിച്ച് ഏതാനും ഫ്ളാറ്റുടമകള്‍ നേരത്തെ നഷ്ടപരിഹാര നിര്‍ണയ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതോടൊപ്പം, ഫ്ളാറ്റ് സമുച്ചയങ്ങളിലെ ജനറേറ്റർ, ലിഫ്റ്റ് പോലുള്ള പൊതു സൗകര്യങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് റസിഡന്‍സ് അസോസിയേഷനുകളും കമ്മീഷനെ സമീപിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഇവ നീക്കാന്‍ ജസ്റ്റീസ് ബാലകൃഷ്ണന് നായര്‍ കമ്മീഷന് ഒരു ദിവസത്തെ അനുമതി നല്‍കുകയായിരുന്നു.