കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനായി കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ചു തുടങ്ങി. സ്ഫോടനത്തിലൂടെ തകർക്കുന്ന ഫ്ളാറ്റുകളിൽ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച്ടുഒയിൽ ശനിയാഴ്ച രാവിലെ ആറു മുതലാണു സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങിയത്.
ദക്ഷിണാഫ്രിക്കൻ കന്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനീയറിംഗാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് ഫ്ളാറ്റിൽ സ്ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) യും ജില്ലാ മജിസ്ട്രേറ്റും സ്ഫോടനം നടത്താനുള്ള അന്തിമാനുമതി നൽകിയത്.
കെട്ടിടത്തിലെ തൂണുകളിൽ തുളച്ച ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൾഷെൻ സ്ഫോടക ഉപയോഗിക്കുന്നത്. 1471 ദ്വാരങ്ങളാണു ഒ20 ഫ്ളാറ്റിൽ തൂണുകളിൽ ഉള്ളത്. 215 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കും.
അങ്കമാലിയിൽനിന്ന് പോലീസിന്റെ അകന്പടിയോടെ അതീവസുരക്ഷയിലാണു സ്ഫോടകവസ്തുക്കൾ എത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കൽ ജോലി പൂർത്തിയാക്കുമെന്നാണു കരുതുന്നത്. ഒഴിപ്പിക്കൽ മുതലായ കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ശനിയാഴ്ച വൈകിട്ട് ഏഴിനു യോഗം വിളിച്ചിട്ടുണ്ട്.