കൊച്ചി: മരടിൽ തീരദേശപരിപാലന നിയമം ലംഘിച്ചു നിർമിച്ചതിനെ തുടർന്നു സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച ഫ്ളാറ്റുകളുടെ എല്ലാ ഉടമകൾക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ലഭിക്കില്ല. ആദ്യഘട്ടത്തിൽ മൂന്ന് ഉടമകൾക്കു മാത്രമേ ഈ തുക ലഭിക്കൂ.
ജസ്റ്റീസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയുടേതാണു ശിപാർശ. ഈ സമിതിയാണു നഷ്ടപരിഹാരത്തുക തീരുമാനിക്കുന്നത്. കെട്ടിടത്തിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും നഷ്ടപരിഹാരം നൽകുക. 14 ഫ്ളാറ്റുടമകൾക്കാണ് ഇടക്കാല ആശ്വാസത്തിന് ഇപ്പോൾ ശിപാർശ ചെയ്തിരിക്കുന്നത്.
13 ലക്ഷം മുതൽ 25 ലക്ഷം വരെയായിരിക്കും മൂന്നു പേരൊഴികെ മറ്റുള്ളവർക്കു ലഭിക്കുന്ന നഷ്ടപരിഹാരം. രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാൾക്കാണ് ഇപ്പോൾ 25 ലക്ഷം രൂപ നൽകാൻ സമിതി ശിപാർശ ചെയ്തിരിക്കുന്നത്.
ഫ്ളാറ്റുടമകൾ ഉടമസ്ഥാവാകാശം തെളിയിക്കുന്നതിന്റെയും പണം നൽകിയതിന്റെയും രേഖകൾ ഈ മാസം 17-നകം മരട് സെക്രട്ടറിക്കു നൽകണം. ഫ്ളാറ്റ് നിർമാതാക്കൾ പണം വാങ്ങിയതിന്റെ രേഖകളും നഗരസഭയിൽ ഈ ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.