കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ചു നടൻ ഷമ്മി തിലകൻ. മൂലമ്പള്ളിയിലെ ദരിദ്രരോടു കാണിക്കാത്ത അനുകന്പ മരടിലെ സന്പന്ന ഫ്ളാറ്റുടമകളോടു കാട്ടണോ എന്നു ചോദിക്കുന്ന ഷമ്മി, നിയമങ്ങൾ പാലിക്കാനുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് നടന്റെ വിമർശനം.
ഷമ്മി തിലകന്റെ കുറിപ്പിന്റെ പൂർണരൂപം:
മൂലന്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകന്പ മരടിലെ സന്പന്ന ഫ്ളാറ്റുടമകളോട് കാട്ടണോ?
തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സന്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്. അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?
ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ #വക്കീലേമാ·ാരെ എന്താ ചെയ്യേണ്ടത്..?
ഒന്നും ചെയ്യാനാവില്ലെന്നറിയാം…! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.