സിജോ പൈനാടത്ത്
കൊച്ചി: സുപ്രീം കോടതി ഉത്തരവു പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിച്ച നാലിടങ്ങളിൽ ഇനി ബഹുനില കെട്ടിട നിർമാണത്തിനു കടന്പകളേറെ. തുടർനടപടികളിൽ കോടതിയുടെ നിർദേശങ്ങളും മാറിയ കെട്ടിട നിർമാണ ചട്ടങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും സമാനമായ ഫ്ലാറ്റുകൾ ഉയരാൻ തടസമാകും. കെട്ടിടം നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അവ്യക്തതയാകും ഇനി നിർമാണപ്രവർത്തനങ്ങൾക്കു മുഖ്യതടസം. സാധാരണഗതിയിൽ ഫ്ലാറ്റുകൾ വാങ്ങിയവർക്കു കൂടി അവകാശപ്പെടാവുന്നതാണു ഭൂമിയുടെ ഉടമസ്ഥത.
എന്നാൽ നിയമം ലംഘിച്ചു നടന്ന നിർമാണം, കോടതി ഉത്തരവുപ്രകാരം പൊളിച്ചത്, ഉടമകൾക്കു നഷ്ടപരിഹാരം നൽകിയത് എന്നിവയെല്ലാം അത്തരമൊരു അവകാശവാദത്തിനു തടസമാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊളിച്ച കെട്ടിടത്തിന്റെ പേരിലാണു നഷ്ടപരിഹാരമെന്നും അതു നിലനിന്നിരുന്ന ഭൂമിയിൽ തങ്ങൾക്കും അവകാശമുണ്ടെന്നുമാണു ഫ്ലാറ്റുടമകളുടെ വാദം. അവശിഷ്ടങ്ങൾ വേഗത്തിൽ മാറ്റി ഭൂമി വിട്ടു നൽകണമെന്ന ആവശ്യം ഇവർ കോടതിയിലും ഉന്നയിക്കാൻ ഒരുങ്ങുകയാണ്.
താരതമ്യേന ഇടുങ്ങിയ റോഡുകളാണു ഫ്ലാറ്റുകൾ നിലനിന്നിരുന്ന സ്ഥലത്തേക്കുള്ളത്. ബഹുനിലക്കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള അനുമതി ലഭിക്കാൻ അവിടേക്കുള്ള റോഡുകളുടെ വീതിയും പരിഗണിക്കേണ്ടതുണ്ട്. ഫയർ എൻജിനുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും എത്തിക്കുന്നതിനുള്ള സൗകര്യം കെട്ടിട നിർമാണ അനുമതിക്ക് ആവശ്യമാണ്.
ഇപ്പോഴത്തെ നിയമപ്രകാരം തീരദേശ പരിപാലന നിയമത്തിന്റെ (സിആർഇസഡ്) കാറ്റഗറി രണ്ടിലാണു മരടിലെ ഫ്ളാറ്റുകൾ നിലനിന്നിരുന്ന സ്ഥലങ്ങൾ ഉൾപ്പെടുന്നത്.
ഇതനുസരിച്ചു വേലിയേറ്റരേഖയിൽ നിന്ന് 20 മീറ്റർ മാറി കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി ലഭിക്കുമെങ്കിലും സിആർഇസഡ് പരിധിയിൽ വരുന്ന നിർമാണങ്ങൾക്കു കോസ്റ്റൽ സോണ് മാനേജ്മെന്റ് അഥോറിറ്റിയുടെ അനുമതി ആവശ്യമാണ്. പുതിയ നിയമനുസരിച്ചു കെട്ടിടങ്ങൾ നിലനിന്നിരുന്ന പ്രദേശം ദ്വീപായി പരിഗണിച്ചാലും നിശ്ചിത മാനദണ്ഡങ്ങളോടെ കെട്ടിടനിർമാണത്തിനു അനുവാദം ലഭിച്ചേക്കും. 2019 ഫെബ്രുവരി 25നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുപ്രകാരമാകും ഈ അനുമതി.
നേരത്തെ സിആർഇസഡിലെ കാറ്റഗറി മൂന്നിൽ ഉൾപ്പെട്ടിരുന്ന ഈ സ്ഥലത്ത്, അതുപ്രകാരമുള്ള നിയമങ്ങൾ പാലിക്കാതെ കെട്ടിടങ്ങൾ പണിതുയർത്തിയതാണു പ്രശ്നമായത്. അന്നത്തെ നിയമപ്രകാരം വേലിയേറ്റ രേഖയിൽ നിന്നുള്ള അന്പതു മീറ്റർ പ്രദേശത്തു നിർമാണത്തിന് അനുമതിയില്ല. ഇതു പാലിക്കാതെയാണു നാലു ഫ്ലാറ്റുകളും നിർമിച്ചതെന്നു കോടതി കണ്ടെത്തിയിരുന്നു.
പൊളിച്ച കെട്ടിട സമുച്ചയങ്ങളിൽ, ആൽഫ സെറീന്റെ ഇരട്ട ഫ്ളാറ്റുകൾ ഉണ്ടായിരുന്നിടത്താണു ഏറ്റവുമധികം (ഒന്നര ഏക്കർ) ഭൂമിയുള്ളത്. ജെയിൻ കോറൽ കോവിൽ 1.30 ഏക്കറും ഹോളി ഫെയ്ത്തിൽ 1.05 ഏക്കറും ഭൂമിയുണ്ട്. 40 സെന്റ് ഭൂമിയാണു ഗോൾഡൻ കായലോരം പൊളിച്ചിടത്തുള്ളത്.
ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്തു കണ്ടൽക്കാട് ഒരുക്കണമെന്ന നിർദേശവും സർക്കാരിന്റെ മുന്നിലുണ്ട്. ചെന്നൈ ഐഐടിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇതും ഇവിടുത്തെ കെട്ടിടനിർമാണ അനുമതിക്കു കടന്പയാകും. അതേസമയം ഫ്ലാറ്റുകൾ പൊളിച്ചിടത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു സംസ്ഥാന സർക്കാരാണു തീരുമാനമെടുക്കേണ്ടതെന്നു മരട് നഗരസഭ ചെയർപേഴ്സണ് ടി.എച്ച്. നദീറ പറഞ്ഞു.