കൊച്ചി: മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി ആദ്യ സൈറൻ മുഴങ്ങി. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് സൈറൻ മുഴക്കിയിരിക്കുന്നത്. മരടിലെ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിക്കുന്നത്. പിന്നാലെ ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കും.
രാവിലെ തന്നെ ഫ്ലാറ്റിന് ചുറ്റുമുള്ള നിയന്ത്രിത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. മരടിൽ സ്ഫോടനം നടക്കുന്ന ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ കര, ജലം, വായു മാർഗങ്ങൾക്കും ബാധകമായിരിക്കുമെന്നു ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചിരുന്നു.
ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെയാണു നിരോധനാജ്ഞ. സ്ഫോടനം കാണേണ്ടവർക്ക് 200 മീറ്ററിന് പുറത്തുനിന്നു കാണാൻ അനുവാദമുണ്ടെന്നു കളക്ടർ പറഞ്ഞു. ഡ്രോണുകൾക്കു വിലക്കുണ്ട്.