കൊച്ചി: മരടില്‍ ഫ്ളാറ്റില്‍ അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയ്ക്കു കാരണം തന്നെക്കുറിച്ച് അമ്മ മറ്റുള്ളവരോട് കുറ്റം പറയുന്നതിലെ വിരോധമെന്ന് പ്രതി പറഞ്ഞതായി മരട് പോലീസ്.
മരട് തുരുത്തി അമ്പലത്തിനുസമീപം ബ്ലൂ ക്ലൗഡ്സ് അപ്പാര്‍ട്ട്മെന്റ് എഫ് വണ്‍ ഫ്ളാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലില്‍ അച്ചാമ്മ എബ്രഹാമിനെയാണ് (75) മകന് വിനോദ് എബ്രഹാം (51) വ്യാഴാഴ്ച വൈകുന്നേരം വെട്ടി കൊലപ്പെടുത്തിയത്.
വിനോദ് മാനസികരോഗത്തിന് ചികിത്സയിലായിരുന്നു. സ്ഥിരമായി മരുന്നു കഴിക്കുന്ന ആളാണ്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി വിനോദ് മരുന്നു കഴിക്കുന്നില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വിനോദിന് സ്ഥിരമായി മരുന്ന് നല്കിയിരുന്നതും അച്ചാമ്മയാണ്. എന്നാല്‍ ഇയാള്‍ക്ക് മരുന്ന് കഴിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ അമ്മയുമായി വഴക്കുണ്ടാക്കുമായിരുന്നു.
അതുമൂലം അച്ചാമ്മ മരുന്ന് ഭക്ഷണത്തില്‍ ചേര്‍ത്താണ് നല്‍കിയിരുന്നത്. ഇത് മനസിലാക്കിയ വിനോദ് വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ മടികാണിച്ചിരുന്നു.
സ്വന്തമായി ഭക്ഷണം ഉണ്ടാക്കിയും പുറത്തുനിന്ന് ഭക്ഷണം വാങ്ങിയുമാണ് കഴിച്ചിരുന്നതെന്ന് മര്ട ഇന്‍സ്പെക്ടര്‍ സാജു ജോര്‍ജ് പറഞ്ഞു.
ഇങ്ങനെ ദിവസങ്ങളോളം മരുന്ന് കഴിക്കാതിരുന്നതോടെ ഇയാളുടെ രോഗം മൂര്ഛിച്ചതാകാം ഇയാള്‍ അക്രമാസക്താനാകാന് കാരണമെന്നാണ് പോലീസ് നിഗമനം.