കോഴിക്കോട് : മാറാട് ഗൂഡാലോചന കേസുമായി ബന്ധപ്പെട്ടു സിബിഐ പൊതുപ്രവര്‍ത്തകന്റെ മൊഴിയെടുത്തു.
രണ്ടാം മാറാട് കലാപത്തിനുപിന്നിലെ തീവ്രവാദ ബന്ധം പ്രത്യേക കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ച പൊതുപ്രവര്‍ത്തകനായ കൊളക്കാടന്‍ മൂസ ഹാജിയില്‍നിന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ വീണ്ടും വിവരങ്ങള്‍ ശേഖരിച്ചത്.
കലാപത്തിനു പിന്നിലെ വിദേശ ബന്ധം സംബന്ധിച്ചുള്ള വിവരങ്ങളാണ് സിബിഐ ശേഖരിച്ചത്.
വിദേശപണം വന്നതു കോഴിക്കോട്ടെ ഒരു ലോഡ്ജിലേക്കായിരുന്നുവെന്നാണ് വിവരം. ഇക്കാര്യത്തെ കുറിച്ചാണ് മൂസഹാജിയോട് അന്വേഷിച്ചത്.
അന്വേഷണം നിലച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് വിദേശഫണ്ട് സംബന്ധിച്ചുള്ള അന്വേഷണം സിബിഐ ഊര്‍ജിതമാക്കിയത്.
ഇതോടെ തെരഞ്ഞെടുപ്പിനുമുമ്പ് മാറാട് കേസ് വീണ്ടും സജീവമാകുമോയെന്ന ഭീതിയിലാണ് യുഡിഎഫ്.
മുസ്ലിം ലീഗിലെ എം.സി.മായിന്‍ ഹാജി, പി.പി.മൊയ്തീന് കോയ എന്നീ ലീഗ് നേതാക്കള്‍ക്കെതിരേയും നാലു മഹല്ല് കമ്മിറ്റി അംഗങ്ങൾ, പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ തുടങ്ങിയവരുമാണ് സിബിഐയുടെ പ്രതിപ്പട്ടികയിലുള്‍പ്പെട്ടത്.
നേരത്തെ കേസ് അന്വേഷിച്ച സംസ്ഥാന പോലീസിന്റെ ഫയലുകള്‍ ലഭിക്കാത്തതാണ് അന്വേഷണത്തിനു തടസമെന്നു സിബിഐ കോടതിയെ അറിയിച്ചിരുന്നു.
രണ്ടുവര്‍ഷം മുമ്പായിരുന്നു ഇതു സംബന്ധിച്ചു സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.