കൊച്ചി: വര്‍ഷങ്ങളോളം നിധിപോലെ കാത്തുസൂക്ഷിച്ച, ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ കൈയൊപ്പ് ചാര്‍ത്തിയ ടീ ഷര്‍ട്ട് ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫോര്‍ട്ടുകൊച്ചി സ്വദേശി പെരുമാള്പറമ്പില് നൗഷാദ്.
വിശപ്പകറ്റാനും വാടകക്കുടിശിക നൽകാനുമാണ് മനസില്ലാ മനസോടെ ഈ തീരുമാനമെടുത്തതെന്നു 52 കാരനായ നൗഷാദ് പറയുന്നു.
ഫുട്ബോളില്‍ അര്‍ജന്റീനയുടെ ആരാധകനാണ് ഇദ്ദേഹം. 1991ൽ ജോലി തേടി ദുബായില്‍ എത്തി. അവിടെ വിവിധ ഇടങ്ങളില്‍ ബാര്‍ബര്‍ ജോലി ചെയ്തു.
അല്‍വാസല്‍ ഫുട്ബോള്‍ ക്ലബില്‍ ബാര്‍ബറായി പ്രവര്‍ത്തിക്കുന്നതിനിടെ പലതവണ മറഡോണയുടെ മുടിവെട്ടാൻ അവസരം ലഭിച്ചു.
ഇതിനിടെയാണ് കൈയൊപ്പ് വേണമെന്ന ആഗ്രഹം നൗഷാദ് മറഡോണയെ അറിയിച്ചത്. ടീ ഷര്‍ട്ടിൽ അദ്ദേഹം കൈയൊപ്പ് ചാർത്തി നൽകുകയും ചെയ്തു.
2016ല്‍ ദുബായില്‍നിന്ന് തിരികെയെത്തിയ നൗഷാദ് പല ബ്യൂട്ടി പാര്‍ലറുകളിലും ജോലിചെയ്തു. ലോക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടമായി. ഭാര്യയും മക്കളും തന്നെ വിട്ടുപോയതായും നൗഷാദ് പറയുന്നു.
ഇടയ്ക്ക് കിട്ടുന്ന പെയിന്റിംഗ് ജോലിയില്‍നിന്നുള്ള തുച്ഛമായ വരുമാനം മാത്രമാണ് ഇപ്പോള്‍ ഉപജീവനമാര്‍ഗം.
മറ്റു മാര്‍ഗമൊന്നുമില്ലാതെ വന്നതോടെ സുഹൃത്ത് രതീഷിന്റെ നിര്‍ദേശപ്രകാരമാണ് ടീ ഷര്‍ട്ട് ലേലം ചെയ്യാന്‍ തയാറായതെന്നു നൗഷാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരു ലക്ഷം രൂപയ്ക്കാണ് വില്ക്കാന് ഉദ്ദേശിക്കുന്നത്. ഇതില്‍നിന്നു കിട്ടുന്ന പണത്തിന് താമസത്തിനായി ഒരു മുറി വാങ്ങാനും ചെറിയ ബിസിനസ് ചെയ്യാനുമാണ് ആഗ്രഹം.